കൊല്ലം : കരാർ തുക കുടിശ്ശികയില്‍ തീർപ്പുണ്ടാക്കാത്തതിനാല്‍ കരാറുകാർ നടത്തുന്ന നിസ്സഹകരണ സമരം മൂലം, എഫ്.സി.ഐ ഗോഡൗണുകളില്‍ നിന്നു സപ്ലൈകോ ഗോഡൗണുകളിലേക്കുള്ള റേഷൻ ഭക്ഷ്യധാന്യങ്ങളുടെ നീക്കം സ്തംഭിച്ചു. ഒത്തുതീർപ്പായില്ലെങ്കില്‍ അടുത്തമാസം രണ്ടാംവാരം മുതല്‍ റേഷൻ കടകളില്‍ ക്ഷാമമുണ്ടാകും. എല്ലാ മാസവും ആദ്യ ആഴ്ചയില്‍ തൊട്ടടുത്ത മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ എഫ്.സി.ഐ ഗോഡൗണുകളില്‍ നിന്നു സപ്ലൈകോ ഗോഡൗണുകളിലേക്ക് കൊണ്ടുപോകുന്നതാണ്.
എന്നാല്‍ ഈ മാസം ഇതുവരെ ഒരു ലോഡ് പോലും പോയിട്ടില്ല. അനാഥാലയങ്ങള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ക്കു മാത്രമാണ് വിതരണമുണ്ടായത്. സാധാരണഗതിയില്‍ ജില്ലയില്‍ ദിവസം 30 ലോഡ് വരെ സപ്ലൈകോ ഗോഡൗണുകളില്‍ എത്തിയിരുന്നു. വലിയൊരുവിഭാഗം കാർഡുടമകള്‍ ഓണം പ്രമാണിച്ച് ഈമാസം ആദ്യം തന്നെ റേഷൻവിഹിതം വാങ്ങിയിട്ടുണ്ട്. അതിനാല്‍ റേഷൻകടകളില്‍ മുൻമാസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്റ്റോക്ക് കുറവാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എഫ്.സി.ഐ ഗോഡൗണുകളില്‍ നിലവിലുള്ള സ്റ്റോക്ക് കൂടുതല്‍ വേഗത്തില്‍ റേഷൻകടകള്‍ക്ക് കൈമാറേണ്ടതുണ്ട്. അതുകൊണ്ട് സമരം നീണ്ടാല്‍ സപ്ലൈകോ ഗോഡൗണുകളില്‍ ഈ മാസം അവസാനത്തോടെ സ്റ്റോക്ക് കൂടുതല്‍ ഇടിയും. സപ്ളൈകോ ഗോഡൗണുകളില്‍ നിന്ന് റേഷൻകടകളിലേക്കുള്ള ഭക്ഷ്യധാന്യ നീക്കത്തെ സമരം ബാധിച്ചിട്ടില്ല.