മുംബൈ: ആർബിഐ ഗവർണർ ശക്തികാന്ത ദാസിന് തുടർച്ചയായ രണ്ടാം വർഷവും ആഗോള സെൻട്രല്‍ ബാങ്ക് മേധാവികള്‍ക്കിടയില്‍ “A+” റേറ്റിംഗ്. പണപ്പെരുപ്പം നിയന്ത്രിക്കല്‍, സാമ്ബത്തിക വളർച്ചാ ലക്ഷ്യങ്ങള്‍, കറൻസി സ്ഥിരത, പലിശ നിരക്ക് എന്നിവയിലെ മികച്ച പ്രകടനം അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നിശ്ചയിച്ചത്. ആഗോള ഫിനാൻസ് മാഗസിന്റെ ‘സെൻട്രല്‍ ബാങ്കർ റിപ്പോർട്ട് കാർഡ് 2024’ ആണ് സെൻട്രല്‍ ബാങ്ക് മേധാവികളുടെ റാങ്കിംഗ് പട്ടിക തയ്യാറാക്കിയത്.
ഗവർണറെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, സാമ്പത്തിക വളർച്ചയും സുസ്ഥിരതയും ഉറപ്പാക്കുന്ന അദ്ദേഹത്തിന്റെ പ്രവർത്തനത്തിനുള്ള അംഗീകാരമാണെന്ന് പറഞ്ഞു. ശക്തികാന്ത ദാസിന് പുറമേ ഡെൻമാർക്കിലെ ക്രിസ്റ്റ്യൻ കെറ്റില്‍ തോംസെൻ, സ്വിറ്റ്സർലൻഡിലെ തോമസ് ജോർദാൻ എന്നിവരും “A+” റേറ്റിംഗ് സ്വന്തമാക്കി. ബ്രസീലിന്റെ റോബർട്ടോ കാമ്ബസ് നെറ്റോ, ചിലിയുടെ റൊസന്ന കോസ്റ്റ, മൗറീഷ്യസിന്റെ ഹർവേശ് കുമാർ സീഗോലം, മൊറോക്കോയുടെ അബ്ദുലത്തീഫ് ജൊഹാരി, ദക്ഷിണാഫ്രിക്കയുടെ ലെസെറ്റ്ജ കഗന്യാഗോ, ശ്രീലങ്കയുടെ നന്ദലാല്‍ വീരസിംഗ, വിയറ്റ്നാമിന്റെ എഗുയെൻ തി ഹോങ് എന്നിവർക്ക് എ റേറ്റിംഗ് ലഭിച്ചു.