ന്യൂഡൽഹി: സംസ്ഥാന സർക്കാർ കടപ്പത്രങ്ങളുടെ ലേലം നടത്താൻ ഒരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഫെബ്രുവരി 24-ന് നടക്കുന്ന ലേലത്തിലൂടെ മൊത്തം 44,550 കോടി രൂപയാണ് സമാഹരിക്കാൻ ലക്ഷ്യമിടുന്നത്. കേന്ദ്ര ബാങ്ക് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. കേരളം ഉള്‍പ്പെടെ 16 സംസ്ഥാനങ്ങളാണ് കടപ്പത്രങ്ങള്‍ വഴി പണം കണ്ടെത്താനായി ലേലത്തില്‍ പങ്കെടുക്കുന്നത്. ആന്ധ്രാപ്രദേശ്, ബിഹാർ, ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, ഹരിയാന, കർണാടക, മഹാരാഷ്ട്ര, നാഗാലാൻഡ്, പഞ്ചാബ്, രാജസ്ഥാൻ, സിക്കിം, തമിഴ്‌നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍. പുതിയതും നിലവിലുള്ളതുമായ കടപ്പത്രങ്ങള്‍ ലേലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മൂന്ന് വർഷം മുതല്‍ 28 വർഷം വരെ കാലാവധിയുള്ള കടപ്പത്രങ്ങളാണ് ലേലത്തില്‍ വെക്കുന്നത്. ഓരോ സംസ്ഥാനത്തിൻ്റെയും സാമ്പത്തിക ആവശ്യങ്ങള്‍ക്കനുസരിച്ചാണ് ഈ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. ഛത്തീസ്ഗഡ് (7.59% SGS 2046), ഹരിയാന (7.73% SGS 2045), കർണാടക (7.25% SGS 2033), തമിഴ്‌നാട് (7.12% SGS 2032, 7.44% SGS 2055), ഉത്തർപ്രദേശ് (7.24% SGS 2033, 7.59% SGS 2041), പശ്ചിമ ബംഗാള്‍ (7.74% SGS 2048) എന്നീ സംസ്ഥാനങ്ങള്‍ നിലവിലുള്ള കടപ്പത്രങ്ങള്‍ വീണ്ടും ലേലത്തിന് വെക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതുകൂടാതെ, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ ‘ഗ്രീൻ-ഷൂ’ ഓപ്ഷൻ വഴി കൂടുതല്‍ തുക സമാഹരിക്കുമെന്നും സൂചന നല്‍കിയിട്ടുണ്ട്.
ആർബിഐയുടെ കോർ ബാങ്കിംഗ് സൊല്യൂഷനായ (ഇ-കുബേർ) പ്ലാറ്റ്‌ഫോം വഴിയാണ് ലേലം നടക്കുക. മത്സര സ്വഭാവമുള്ള ബിഡുകള്‍ (Competitive bids) ഫെബ്രുവരി 24-ന് രാവിലെ 10:30 മുതല്‍ 11:30 വരെ സമർപ്പിക്കാം. മത്സരമില്ലാത്ത ബിഡുകള്‍ക്ക് (non-competitive bids) രാവിലെ 10:30 മുതല്‍ 11:00 വരെയാണ് സമയം.
യോഗ്യതയുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നോണ്‍-കോംപറ്റീറ്റീവ് ബിഡ്ഡിംഗ് സൗകര്യം ഉപയോഗിച്ച് ലേലത്തില്‍ പങ്കാളികളാകാം. ചെറുകിട നിക്ഷേപകർക്ക് ആർബിഐ റീട്ടെയില്‍ ഡയറക്‌ട് പോർട്ടല്‍ വഴിയും അവസരമുണ്ട്. ഓരോ സ്റ്റോക്കിന്റെയും വിജ്ഞാപിത തുകയുടെ 10 ശതമാനം വരെ ഈ വിഭാഗത്തിനായി നീക്കിവെച്ചിട്ടുണ്ട്. എന്നാല്‍ ഒരു വ്യക്തിക്ക് ഒരു സ്റ്റോക്കില്‍ പരമാവധി ഒരു ശതമാനം വരെ മാത്രമേ ബിഡ് ചെയ്യാൻ സാധിക്കൂ.
ലേലത്തില്‍ പങ്കെടുക്കുന്നവർക്ക് വിവിധ വിലകളിലോ ആദായ നിരക്കുകളിലോ ഒന്നിലധികം ബിഡുകള്‍ സമർപ്പിക്കാം. എന്നാല്‍ മൊത്തം തുക അതത് സംസ്ഥാനത്തിനായി വിജ്ഞാപനം ചെയ്ത തുകയില്‍ കവിയാൻ പാടില്ല.
ലഭിക്കുന്ന ബിഡുകളുടെ അടിസ്ഥാനത്തില്‍ ആർബിഐ കട്ട്-ഓഫ് യീല്‍ഡ് അല്ലെങ്കില്‍ മിനിമം വില തീരുമാനിക്കും. കുറഞ്ഞത് 10,000 രൂപയ്ക്കും അതിൻ്റെ ഗുണിതങ്ങള്‍ക്കുമാണ് കടപ്പത്രങ്ങള്‍ വാങ്ങാനാവുക. ലേലഫലം അന്നുതന്നെ പ്രഖ്യാപിക്കും. ലേലം വിജയിച്ചവർ 2026 ഫെബ്രുവരി 25-ന് മുംബൈയിലെയോ മറ്റ് റീജിയണല്‍ ഓഫീസുകളിലെയോ ബാങ്കിംഗ് സമയത്തിനുള്ളില്‍ പണം അടയ്ക്കണം. പുതിയ കടപ്പത്രങ്ങള്‍ക്ക് ലേലത്തില്‍ നിശ്ചയിക്കുന്ന നിരക്കിലായിരിക്കും പലിശ. വർഷത്തില്‍ രണ്ടുതവണ, ഓഗസ്റ്റ് 25-നും ഫെബ്രുവരി 25-നും കാലാവധി തീരും വരെ പലിശ ലഭിക്കും.
വീണ്ടും പുറത്തിറക്കുന്ന കടപ്പത്രങ്ങള്‍ക്ക് പഴയ പലിശനിരക്ക് തന്നെയായിരിക്കും. ഈ നിക്ഷേപങ്ങള്‍ക്ക് സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (SLR) യോഗ്യതയുണ്ട്. കൂടാതെ, നിലവിലെ നിയമങ്ങള്‍ അനുസരിച്ച് റെഡി ഫോർവേഡ് സൗകര്യവും ലഭിക്കും.


