കള്ളപ്പണ ഇടപാട് അന്വേഷണം:ശബരിമല സ്വർണക്കൊള്ളക്കേസിൽ ഇ.ഡി. അന്വേഷണത്തിന് അനുമതി;എസ്ഐടിയുടെ എതിർപ്പ് തള്ളി വിജിലൻസ് കോടതി

പത്തനംതിട്ട:ശബരിമല സ്വർണക്കൊള്ളക്കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) അന്വേഷണത്തിന് വഴിയൊരുക്കി വിജിലൻസ് കോടതി. ഇ.ഡി. അന്വേഷണത്തിന് എതിരായ പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്ഐടി) വാദം കൊല്ലം വിജിലൻസ് കോടതി തള്ളിയതോടെയാണ് ഇ.ഡി.ക്ക് മുഴുവൻ കേസ് രേഖകളും കൈമാറാൻ കോടതി ഉത്തരവിട്ടത്.കള്ളപ്പണ ഇടപാടുകൾ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് എഫ്ഐആർ, റിമാൻഡ് റിപ്പോർട്ട് എന്നിവ ഉൾപ്പെടെയുള്ള രേഖകൾ ആവശ്യപ്പെട്ട് ഇ.ഡി. കോടതിയെ സമീപിച്ചത്. എന്നാൽ സമാന്തര അന്വേഷണം വേണ്ടെന്നും, ഇത് കേസന്വേഷണത്തെ ബാധിക്കുമെന്നുമായിരുന്നു എസ്ഐടിയുടെ നിലപാട്.

Advertisements

കൂടുതൽ പ്രതികളിലേക്ക് എത്താനുള്ള അന്വേഷണ ശ്രമങ്ങൾക്ക് ഇത് തിരിച്ചടിയാകുമെന്നും എസ്ഐടിക്ക് വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു. എന്നാൽ ഈ വാദങ്ങൾ കോടതി തള്ളുകയായിരുന്നു.ഇ.ഡി. അന്വേഷണം നടത്തുന്നതിൽ നിയമപരമായ തടസ്സമില്ലെന്ന് ഹൈക്കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. രേഖകൾക്കായി കൊല്ലം വിജിലൻസ് കോടതിയെ സമീപിക്കാനും ഹൈക്കോടതി ഇ.ഡിക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് കോടതി ഇപ്പോൾ രേഖകൾ കൈമാറാൻ ഉത്തരവിട്ടിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, ശബരിമല സ്വർണക്കൊള്ളക്കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും ചെയ്തു. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ തിരുവാഭരണം കമ്മീഷണർ കെ. എസ്. ബൈജു എന്നിവരുടെ ജാമ്യഹർജികളാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ തള്ളിയത്.സ്വർണം പൊതിഞ്ഞ ലോഹപാളികൾ ചെമ്പാണെന്ന് രേഖപ്പെടുത്തിയതിൽ ദേവസ്വം ബോർഡിലെ ഉന്നതർക്ക് പങ്കുണ്ടെന്നതാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ വാദം. കേസന്വേഷണം നിർണായക ഘട്ടത്തിലാണെന്നും, ഈ സമയത്ത് ജാമ്യം നൽകിയാൽ അന്വേഷണം പ്രതികൂലമായി ബാധിക്കുമെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു.

നടപടിക്രമങ്ങൾ പാലിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും, അറിയാവുന്ന കാര്യങ്ങൾ മാത്രമാണ് രജിസ്റ്ററുകളിൽ രേഖപ്പെടുത്തിയതെന്നും പ്രതികൾ വാദിച്ചു. ലോഹപാളികൾ സ്വർണം പൊതിഞ്ഞതാണെന്ന് തെളിയിക്കുന്ന രേഖാമൂല തെളിവുകളില്ലെന്നും, മൊഴികൾ മാത്രമാണുള്ളതെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ ഈ വാദങ്ങൾ കോടതി അംഗീകരിച്ചില്ല. ഇതോടെയാണ് ജാമ്യം നിഷേധിച്ചുകൊണ്ട് കോടതി ഉത്തരവിട്ടത്.

Hot Topics

Related Articles