സന്തോഷ് ട്രോഫി: ഫൈനൽ റൗണ്ടിൽ കേരളത്തിൽ തിരിച്ചടി; സമനിലയിൽ കുരുങ്ങി സെമി സ്വപ്‌നങ്ങൾ

ന്യൂഡൽഹി: സന്തോഷ് ട്രോഫി ഫുട്‌ബോളിൽ കേരളത്തിന്റെ സെമി മോഹങ്ങൾക്ക് സമനിലക്കുരുക്ക്. മഹാരാഷ്ട്രയ്‌ക്കെതിരായ നിർണ്ണായക മത്സരത്തിൽ സമനിലയിൽ കുരുങ്ങിയതോടെ കേരളം ഗ്രൂപ്പിൽ നാലാം സ്ഥാനത്തേയ്ക്കു പിൻതള്ളപ്പെട്ടു. ഇതോടെ മൂന്നു കളികളിൽ നിന്ന് നാല് പോയിന്റ് മാത്രമുള്ള കേരളത്തിന് അടുത്ത രണ്ടു കളികൾ വിജയിക്കുകയും, മറ്റുള്ള ടീമുകളുടെ ഫലത്തെ കാത്തിരിക്കുകയും ചെയ്‌തെങ്കിൽ മാത്രമേ സെമിയിലേയ്ക്കു കടക്കാനാവൂ.

മഹാരാഷ്ട്രയ്‌ക്കെതിരായ മത്സരത്തിൽ മൂന്നു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് കേരളം പൊരുതിക്കയറി സമനില പിടിച്ചത്. 17 ആം മിനിറ്റിൽ തന്നെ എസ്.ഷെയ്ക്കിലൂടെ മഹാരാഷ്ട്ര ആദ്യ ഗോൾ നേടി. 20 ആം മിനിറ്റിൽ പട്ടേലും, 34 ആം മിനിറ്റിൽ ബദ്രിയും നേടിയ ഗോളിലൂടെ എതിരില്ലാത്ത മൂന്നു ഗോളിന്റെ ലീഡ് മഹാരാഷ്ട്ര മുപ്പത് മിനിറ്റുകൾക്കുള്ളിൽ തന്നെ സ്വന്തമാക്കി. എന്നാൽ, 38 ആം മിനിറ്റിൽ വൈശാഖ് നേടിയ ഗോളാണ് കേരളത്തെ ട്രാക്കിലെത്തിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, 42 ആം മിനിറ്റിൽ ഷെയ്ക്കിലൂടെ നാലു ഗോളായി മഹാരാഷ്ട്ര ലീഡ് ഉയർത്തി. ഒന്നിനെതിരെ നാല് ഗോളിന്റെ ലീഡുമായാണ് മഹാരാഷ്ട്ര ഇടവേളയ്ക്കു പിരിഞ്ഞത്. രണ്ടാം പകുതിയിലും ആധിപത്യം മഹാരാഷ്ട്ര തന്നെ പുലർത്തി. എന്നാൽ, 66 ആം മിനിറ്റിൽ ഗിൽബെർട്ടിന്റെ പെനാലിറ്റിയിലൂടെ കേരളം ലീഡ് രണ്ടാക്കി ഉയർത്തി. പിന്നാലെ, 70 ആം മിനിറ്റിൽ എം. അർജുനും, 77 ആം മിനിറ്റിൽ ജോസഫും നേടിയ ഗോളുകളിലൂടെ കേരളം സമനില പിടിക്കുകയായിരുന്നു.

കഴിഞ്ഞ മത്സരത്തിൽ കർണ്ണാടകയ്‌ക്കെതിരായ തോൽവിയോടെ കേരളത്തിന് സെമി സാധ്യത നിലനിർത്തണമെങ്കിൽ ഇന്ന് വിജയം തന്നെ അത്യാവശ്യമായിരുന്നു. എന്നാൽ, പൊരുതി കയറിയ മഹാരാഷ്ട്ര കേരളത്തിന്റെ വഴി താല്കാലികമായി അടയ്ക്കുകയായിരുന്നു. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർക്ക് മാത്രമാണ് സെമിയിലേയ്ക്കു പ്രവേശനം. മൂന്നു കളികളിൽ നിന്ന് ഏഴു വീതം പോയിന്റുമായി കർണ്ണാടകയും പഞ്ചാബുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. നാലു പോയിന്റുമായി ഒഡീഷ മൂന്നാമതും കേരളം നാലാമതുമാണ് ഉള്ളത്. രണ്ട് പോയിന്റുള്ള മഹാരാഷ്ട്ര അഞ്ചാമതും, ഒരു പോയിന്റുമില്ലാത്ത ഗോവ അവസാന സ്ഥാനത്തുമാണ്. 17 ന് ഒഡീഷയ്‌ക്കെതിരെയും, 19 ന് പഞ്ചാബിന് എതിരെയുമാണ് കേരളത്തിന്റെ മത്സരങ്ങൾ.

Hot Topics

Related Articles