തിരുവനന്തപുരം: സ്കൂള്‍ പാഠ്യപദ്ധതിയില്‍ പോക്സോ നിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടുത്തണമെന്ന ഹൈക്കോടതി നിരീക്ഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി എറണാകുളം പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ ജയകേരളം ഹയര്‍സെക്കണ്ടറി സ്കൂളില്‍ ‘ഞങ്ങളും കൃഷിയിലേക്ക് ഹരിത ക്യാമ്പസ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ കള്ട്ടിവേഷന് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ലൈംഗിക പീഡന കേസുകളില്‍ ശിക്ഷ ശക്തമാക്കി ഐപിസി 376 ആം വകുപ്പില്‍ കൊണ്ടുവന്ന ഭേദഗതിയും പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിക്കുന്നുണ്ട്. ജസ്റ്റിസ് ബെച്ചു കുര്യന് തോമസിന്റെ നിര്‍ദേശങ്ങളെ വളരെ പോസിറ്റീവ് ആയാണ് പൊതുവിദ്യാഭ്യാസവകുപ്പ് കരുതുന്നത്. പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോവുകയാണ്. ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ തീര്‍ച്ചയായും പരിഗണിക്കപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.