കൂരോപ്പട :
കോവിഡ് പിടിയിൽ നിന്ന് മാറി സ്കൂൾ വീണ്ടും തുറന്നതോടെ കുഞ്ഞൻ വീണ്ടും തനിച്ചായി. കൂരോപ്പട കൂവപ്പൊയ്കയിൽ ചിറയ്ക്കൽ വീട്ടിൽ സിബി ജോർജ് നിഷ സിബി ദമ്പതികളുടെ 6 മക്കളിൽ ഏറ്റവും ഇളയ കുട്ടിയാണ് ജെറുസൽ സിബി എന്ന കുഞ്ഞൻ. ഒന്നര വർഷക്കാലം നീണ്ട് നിന്ന ആഘോഷങ്ങളും ആരവങ്ങളും അവസാനിച്ച് സഹോദരങ്ങൾ സ്കൂളിലേക്ക് തിരിച്ചതിന്റെ സങ്കടത്തിലാണ് ഇന്ന് കുഞ്ഞൻ. സഹോദരങ്ങളായ ജോർജിൻ സിബി, ജോസഫിൻ സിബി ,യോസേബീയൂസ് സിബി, ഫിൽസൻ സിബി, ഹണിറോസ് സിബി, എന്നിവർ മറ്റക്കര സെന്റ് ജോസഫ് ഹൈ സ്കൂളിലെ വിദ്യാർഥികളാണ്. രണ്ടര വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞന് സ്കൂളിൽ ആക്കാൻ പ്രായമാകാത്തതിനാൽ വീട്ടിൽ തനിച്ചായി. കളിയും ചിരിയുമായി ആഘോഷമായിരുന്നു ആറ് സഹോദരങ്ങളുടെയും കോവിഡ് കാലം. കോവിഡ് പിടിയിൽ നിന്നും മുക്തമായി സ്കൂൾ തുറന്നതോടെ സഹോദരങ്ങൾ സ്കൂളിലേക്ക് തിരിച്ചു. കുഞ്ഞൻ തനിച്ചായി.ഇന്നലെ വരെ പകൽ ആഘോഷമായിരുന്ന കൂവപ്പൊയ്കയിലെ ചിറക്കൽ വീട് ഇന്ന് മുതൽ വീണ്ടും മൂകമായി. കളികളും ചിരിയും തമ്മിൽ തല്ലുമൊക്കെയായി കുസൃതി കാട്ടി നടക്കുമെങ്കിലും 5 സഹോദരങ്ങൾക്കും ഏറെ പ്രിയങ്കരനാണ് ഇളയവനായ കുഞ്ഞൻ. രണ്ടര വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞനാകട്ടെ ഈ സ്നേഹം മുതലെടുക്കുകയാണ് പതിവ്. കുസൃതികളിൽ അച്ഛൻ സിബിയുടെ വഴക്കും ശിക്ഷയും എന്നും സഹോദരങ്ങൾക്ക് മാത്രം.രാവിലെ സ്കൂളിൽ പോകുവാൻ സഹോദരങ്ങൾ ഒരുങ്ങിയത് മുതൽ കുഞ്ഞൻ മൂകനായി കളിയും ചിരിയും മങ്ങി. പുത്തൻ ഉടുപ്പും ബാഗുമൊക്കെയായി പ്രിയ സഹോദരങ്ങൾ സ്കൂളിലേക്ക് തിരിച്ചത് നിറകണ്ണുകളോടെ അവൻ നോക്കി നിന്നു.വൈകുന്നേരം സ്കൂൾ വിട്ട് അവർ മടങ്ങി എത്തും വരെ കുഞ്ഞൻ കാത്തിരിക്കുകയാണ്.
അഞ്ച് സഹോദരങ്ങളും സ്കൂളിൽ പോയി കളിചിരികൾ മങ്ങി കുഞ്ഞൻ ഒറ്റയ്ക്കായി
Advertisements