കോട്ടയം : ദേശത്തിന്റെയോ ഭാഷയുടെയോ അതിർ വരമ്പുകളില്ലാതെ വ്യത്യസ്ത ഭാഷയിലൂടെ 50000 ത്തോളം പാട്ടുകൾ പാടി ലോകം മുഴുവൻ സുഖം പകർന്ന് നൽകി നാല് ദേശീയ അവാർഡുകൾ 8 സംസ്ഥാന അവാർഡുകൾ ഒട്ടനവധി ഇതര പുരസ്കാര ബഹുമതികൾ നേടിയ തെന്നിന്ത്യൻ ഗാനകോകിലം എസ് ജാനകിയമ്മക്ക് കോട്ടയം വൈഎംസിഎയും ഫിൽകോസും ചേർന്ന് ഓർമ്മപ്പൂക്കൾ ഒരുക്കുന്നു. ജൂലൈ 17 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് കോട്ടയം വൈ എം സി എ യിൽ അതുല്യ കലാകാരിയെ സ്നേഹിക്കുന്നവർ ഒത്തുകൂടുന്നു.
കേരള നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. മുൻ മന്ത്രി വി എൻ വാസവൻ, റവ. ഫാ. പോൾ ജേക്കബ് തിരുവല്ല എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. ഫിൽകോസ് പ്രസിഡന്റ് ജിജോ വി എബ്രഹാം അധ്യക്ഷത വഹിക്കും. നാട്ടകം സുരേഷ് എം എൽ എ, കോട്ടയം നഗരസഭ ചെയർപേഴ്സൺ എം പി സന്തോഷ് കുമാർ, നടനും നിർമ്മാതാവുമായ പ്രേം പ്രകാശ്, വൈ എം സി എ പ്രസിഡന്റ് എബ്രഹാം കുര്യൻ പാലാമ്പടം, കോട്ടയം പബ്ലിക് ലൈബ്രറി വൈസ് പ്രസിഡന്റ് അഡ്വ.വി ബി ബിനു, ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. ഡോ.തോമസ് പുതുശ്ശേരി, ഫിൽകോസ് രക്ഷാധികാരി ജോയ് തോമസ്, എം ജി ശശിധരൻ, റ്റി ശശികുമാർ, വൈഎംസിഎ കൾച്ചറൽ കമ്മിറ്റി ചെയർമാൻ ജോൺ ചെറിയാൻ, ഫിൽകോസ് ജനറൽ സെക്രട്ടറി പി കെ ആനന്ദക്കുട്ടൻ എന്നിവർ സ്മരണാഞ്ജലികൾ അർപ്പിക്കും. കുമാരി സൗപർണിക, ടാൻസൻ തുടങ്ങിയവർ അവതരിപ്പിക്കുന്ന ജാനകിയമ്മ ഗാനങ്ങളുടെ സംഗീതാർച്ചനയും ഇതോടൊപ്പം നടക്കും.


