വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സൗത്ത് ആഫ്രിക്ക ഏഴു വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്.മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സൗത്ത് ആഫ്രിക്ക 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു.
സെഞ്ച്വറി നേടിയ ക്വിന്റൻ ഡി കോക്കിന്റെ കരുത്തിലാണ് സൗത്ത് ആഫ്രിക്ക വിജയിച്ചുകയറിയത്. 49 പന്തില്‍ 115 റണ്‍സ് നേടിയാണ് താരം തിളങ്ങിയത്. ആറ് ഫോറുകളും 10 കൂറ്റൻ സിക്സുകളും ആണ് ഡി കോക്ക് അടിച്ചെടുത്തത്. ടി-20യിലെ തന്റെ രണ്ടാമത്തെ സെഞ്ച്വറി ആണ് ഡി കോക്ക് സ്വന്തമാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടി-20യില്‍ 200+ റണ്‍സ് ചെയ്സ് ചെയ്യുമ്പോള്‍ 12 താരങ്ങള്‍ മാത്രമാണ് ഇതുവരെ സെഞ്ച്വറി നേടിയിട്ടുള്ളത്. അതേസമയം ടി-20യില്‍ ഒന്നിലധികം തവണ 200+ റണ്‍സ് ചെയ്സ് ചെയ്യുമ്പോള്‍ സെഞ്ച്വറി നേടുന്ന ആദ്യ താരം ഡി കോക്കാണ്. ഇതിനുമുമ്പ് 2023ല്‍ വെസ്റ്റ് ഇൻഡീസിനെതിരെ തന്നെയായിരുന്നു ഡി കോക്ക് തന്റെ ആദ്യ ടി-20 സെഞ്ച്വറി നേടിയിരുന്നത്. 259 റണ്‍സ് ചെയ്സ് ചെയ്യുന്നതിനിടയായിരുന്നു താരം സെഞ്ച്വറി സ്വന്തമാക്കിയത്.
അതേസമയം മത്സരത്തില്‍ ഡി കോക്കിന് പുറമേ സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി റിയാൻ റിക്കല്‍ടണ്‍ 36 പന്തില്‍ പുറത്താവാതെ ഒമ്പത് ഫോറുകളും മൂന്ന് സിക്സുകളും അടക്കം 77 റണ്‍സും നേടി ടീമിന്റെ വിജയത്തില്‍ നിർണായകമായ പങ്കു വഹിച്ചു.
സൗത്ത് ആഫ്രിക്കൻ താരങ്ങളുടെ ഈ മിന്നും പ്രകടനങ്ങള്‍ വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ വലിയ കരുത്തുപകരുമെന്നുറപ്പാണ്. ടി-20 ലോകകപ്പില്‍ ഗ്രൂപ്പ് ഡിയിലാണ് സൗത്ത് ആഫ്രിക്ക. ഗ്രൂപ്പില്‍ സൗത്ത് ആഫ്രിക്കയ്ക്കൊപ്പം അഫ്ഗാനിസ്ഥാൻ, കാനഡ, ന്യൂസിലാൻഡ്, യുഎഇ എന്നീ ടീമുകളാണ് ഉള്ളത്. ഫെബ്രുവരി ഒമ്പതിനാണ് ലോകകപ്പിലെ സൗത്ത് ആഫ്രിക്കയുടെ ആദ്യ മത്സരം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കാനഡയാണ് സൗത്ത് ആഫ്രിക്കയുടെ എതിരാളികള്‍. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യക്ക് മുമ്പില്‍ നഷ്ടമായ കിരീടം ഇത്തവണ തിരിച്ചു പിടിക്കാനായിരിക്കും പ്രോട്ടിയാസ് ലക്ഷ്യം വെക്കുക.
2026 ടി-20 ലോകകപ്പിനുള്ള സൗത്ത് ആഫ്രിക്ക സ്ക്വാഡ്
എയ്ഡൻ മർക്രം (ക്യാപ്റ്റൻ), കോർബിൻ ബോഷ്, ഡെവാള്‍ഡ് ബ്രെവിസ്, ക്വിൻ്റണ്‍ ഡി കോക്ക്, ജോർജ്ജ് ലിൻഡെ, കേശവ് മഹാരാജ്, ക്വേന മഫാക, ഡേവിഡ് മില്ലർ, ലുങ്കി എൻഗിഡി, ടോണി ഡി സോർസി, ഡൊനോവൻ ഫെരേര, മാർക്കോ ജാൻസെൻ,ആൻറിച്ച് നോർക്യാ, കാഗിസോ റബാദ.
.


