ന്യൂഡൽഹി: ലൈഫ് മിഷന്‍ കോഴക്കേസില്‍ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ രണ്ടാഴ്ചയ്ക്ക് ശേഷം സുപ്രീംകോടതി വീണ്ടും പരിഗണിക്കും. എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ കൂടുതല്‍ സമയം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് ഹര്‍ജി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാന്‍ മാറ്റിയത്.
അവധിക്കാലത്തിന് പിരിയുന്നതിന് മുന്‍പ് എം ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷയാണ് ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. ഇതാണ് രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാന്‍ മാറ്റിയത്. ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദരേഷ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, ശിവശങ്കറിന്റെ ആരോഗ്യനില മോശമെന്ന് സീനിയര്‍ അഭിഭാഷകന്‍ ജയദീപ് ഗുപ്ത സുപ്രീംകോടതിയെ അറിയിച്ചു. എന്നാൽ ശിവശങ്കറിന് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നല്‍കാമെന്ന് അറിയിച്ചതാണെന്ന് ഇ.ഡിക്ക് വേണ്ടി ഹാജരായ തുഷാര്‍ മേത്ത സുപ്രീംകോടതിയെ അറിയിച്ചു.
ആരോഗ്യ കാരണങ്ങള്‍ ഉയര്‍ത്തി കീഴ്‌ക്കോടതിയെ സമീപിക്കാമെന്ന് അവധിക്ക് പിരിയുന്നതിന് മുന്‍പ് സുപ്രീംകോടതി എം ശിവശങ്കറിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ എം ശിവശങ്കര്‍ ജാമ്യാപേക്ഷ നല്‍കി. എന്നാല്‍ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളി. തുടര്‍ന്ന് കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്ന ആവശ്യമുയര്‍ത്തി എം ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചു.
ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് രണ്ട് ജഡ്ജിമാര്‍ പിന്മാറി. ജസ്റ്റിസുമാരായ എ രാജാ വിജയരാഘവന്‍, ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരാണ് പിന്മാറിയത്. തുടര്‍ന്ന് മുന്‍പ് ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചില്‍ ജാമ്യാപേക്ഷ എത്തി. ഇവിടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എതിര്‍പ്പുമായി എത്തി.
എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടെന്ന് കോടതിക്ക് മുന്നില്‍ വിശദീകരിക്കപ്പെട്ടു. തുടര്‍ന്ന് ഹൈക്കോടതിയിലെ ജാമ്യാപേക്ഷ എം ശിവശങ്കര്‍ പിന്‍വലിച്ചു. നാലര മാസത്തിലധികമായി എം ശിവശങ്കര്‍ കാക്കനാട് ജില്ലാ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.