ആകാശ നിരീക്ഷകരെയും ശാസ്ത്രലോകത്തെയും ഒരുപോലെ ആവേശത്തിലാഴ്ത്തുന്ന വലയ സൂര്യഗ്രഹണം ഇന്ന് നടക്കും. 2026ലെ ആദ്യ സൂര്യഗ്രഹണവും ഇതുതന്നെയാണ്. ഗ്രഹണ സമയത്ത് ചന്ദ്രന് സൂര്യനെ പൂർണമായി മറയ്ക്കാൻ കഴിയാത്തതിനാല്‍, സൂര്യന്റെ പുറംഭാഗം ഒരു അഗ്നിവളയം പോലെ ദൃശ്യമാകും. ഇതുകൊണ്ടാണ് ഈ അപൂർവ ആകാശ പ്രതിഭാസത്തെ വലയ ഗ്രഹണം എന്ന് വിളിക്കുന്നത്. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.26ന് ആരംഭിക്കുന്ന സൂര്യഗ്രഹണം 4 മണിക്കൂർ 31 മിനിറ്റ് നീണ്ടുനില്‍ക്കും. രാത്രി 7.57ഓടെ ഗ്രഹണം അവസാനിക്കും. ഗ്രഹണത്തിന്റെ പൂർണതാ ഘട്ടം 2 മിനിറ്റ് 20 സെക്കൻഡ് മാത്രമായിരിക്കും. ഈ സമയത്ത് സൂര്യന്റെ കേന്ദ്രഭാഗത്തിന്റെ ഏകദേശം 96 ശതമാനം ചന്ദ്രൻ മറയ്ക്കും.
എവിടെയൊക്കെ കാണാം?
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ മനോഹര കാഴ്ച നേരിട്ട് കാണാൻ ഭാഗ്യമുള്ളവർ വളരെ കുറച്ചുപേരാണ്. അന്റാർട്ടിക്കയിലെ വിദൂര പ്രദേശങ്ങളിലാണ് ഗ്രഹണം ഏറ്റവും വ്യക്തമായി ദൃശ്യമാകുന്ന മേഖല. കൂടാതെ തെക്കൻ അർജന്റീന, ചിലി, ദക്ഷിണാഫ്രിക്കയുടെ ചില ഭാഗങ്ങള്‍, സമീപ സമുദ്ര മേഖലകള്‍ എന്നിവിടങ്ങളിലും ഗ്രഹണം കാണാനാകും. ഇന്ത്യയില്‍ നിന്ന് നേരിട്ട് കാണാൻ സാധിക്കില്ലെങ്കിലും, ലൈവ് സ്ട്രീമിങ് വഴി ഈ പ്രതിഭാസം ആസ്വദിക്കാൻ അവസരമുണ്ട്.
എന്താണ് വലയ സൂര്യഗ്രഹണം?
ഭൂമിയെയും സൂര്യനെയും ചന്ദ്രനെയും തമ്മില്‍ ബന്ധിപ്പിക്കുന്നത് പരിക്രമണമാണ്. ഈ മൂന്ന് ആകാശഗോളങ്ങളും ഒരേ നേർരേഖയില്‍ എത്തുമ്പോള്‍ ഗ്രഹണം സംഭവിക്കുന്നു. ഭൂമിക്കും സൂര്യനും ഇടയില്‍ ചന്ദ്രൻ എത്തി സൂര്യനെ മറയ്ക്കുമ്പോഴാണ് സൂര്യഗ്രഹണം. ചന്ദ്രൻ ഭൂമിയെ ചുറ്റുന്നത് ദീർഘവൃത്താകാര പാതയിലാണ്. അതിനാല്‍ ചില സമയങ്ങളില്‍ ചന്ദ്രൻ ഭൂമിയില്‍ നിന്ന് കൂടുതല്‍ അകലെയായിരിക്കും. അപ്പോള്‍ ചന്ദ്രൻ സാധാരണത്തേക്കാള്‍ ചെറുതായി തോന്നും. അത്തരമൊരു സാഹചര്യത്തില്‍ സൂര്യഗ്രഹണം സംഭവിക്കുമ്പോള്‍, ചന്ദ്രന് സൂര്യനെ പൂർണമായി മറയ്ക്കാൻ കഴിയില്ല. ഫലമായി, ചന്ദ്രൻ മറയ്ക്കാതെ ശേഷിക്കുന്ന സൂര്യന്റെ പുറംഭാഗം ഒരു തെളിഞ്ഞ വളയം പോലെ ദൃശ്യമാകും – അതാണ് വലയ സൂര്യഗ്രഹണം.
വരാനിരിക്കുന്ന വലയഗ്രഹണങ്ങള്‍
അടുത്ത വലയ സൂര്യഗ്രഹണം 2027 ഫെബ്രുവരി 6ന് സംഭവിക്കും. പശ്ചിമാഫ്രിക്കയ്ക്കൊപ്പം ചിലി, അർജന്റീന തുടങ്ങിയ തെക്കേ അമേരിക്കൻ രാജ്യങ്ങളിലും അത് ദൃശ്യമാകും. തുടർന്ന് 2028 ജനുവരി 26ന് നടക്കുന്ന വലയഗ്രഹണം 10 മിനിറ്റ് 27 സെക്കൻഡ് നീണ്ടുനില്‍ക്കും. ഗാലപാഗോസ് ദ്വീപുകള്‍, ഇക്വഡോർ, ബ്രസീല്‍ എന്നിവിടങ്ങളിലാണ് അത് കാണാനാകുക.
കേരളത്തില്‍ എപ്പോള്‍?
ഈ നൂറ്റാണ്ടില്‍ കേരളത്തില്‍ മൂന്ന് വലയ സൂര്യഗ്രഹണങ്ങള്‍ മാത്രമാണ് സംഭവിക്കുക. 2031-ലെ ഗ്രഹണത്തില്‍ കോട്ടയം കേന്ദ്രമാക്കി മധ്യകേരളത്തില്‍, സൂര്യൻ ഒരു അഗ്നിവളയം പോലെ ദൃശ്യമാകുമെന്നാണ് കണക്കാക്കുന്നത്.


