കോട്ടയം: തലയോലപ്പറമ്പിലെ നാലംഗ കുടുംബത്തിന്റെ കൂട്ട ആത്മഹത്യയില്‍നിന്നു രക്ഷപ്പെട്ട് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബ്രഹ്‌മമംഗലം കാലായില്‍ വീട്ടില്‍ പരേതനായ സുകുമാരന്റെ ഇളയ മകള്‍ സുവര്‍ണയാണു (24) കോട്ടയം മെഡിക്കല്‍ കോളജില്‍ ശനിയാഴ്ച രാത്രി മരിച്ചത്. നവംബര്‍ 8നു രാത്രി രാജന്‍ കവലയ്ക്ക് സമീപത്തുള്ള ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന കാലായില്‍ സുകുമാരനും ഭാര്യയും മക്കളും ഉള്‍പ്പെടെ 4 പേര്‍ ആസിഡ് കുടിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. സുകുമാരന്‍ (57), ഭാര്യ സീന (54), മൂത്തമകള്‍ സൂര്യ (27) എന്നിവര്‍ മരിച്ചു.
നവംബര്‍ 8 ന് രാത്രി 11നു സുവര്‍ണ വീടിനു സമീപത്തു താമസിക്കുന്ന പിതൃസഹോദരന്‍ സന്തോഷിന്റെ വീട്ടില്‍ അവശ നിലയില്‍ എത്തി ആസിഡ് കഴിച്ചതായി അറിയച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ വിവരമറിഞ്ഞത്. സുവര്‍ണയേയും മുറ്റത്തെ കുഴഞ്ഞു വീണ സൂര്യയേയും ഉടന്‍ തന്നെ ബന്ധുക്കളും സമീപവാസികളും മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നാലെ വീട്ടില്‍ ഗുരുതരാവസ്ഥയില്‍ കിടന്ന സുകുമാരനേയും ഭാര്യ സിനിയേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും സിനി രാത്രി തന്നെ മരിച്ചു. പിന്നാലെ മൂത്ത മകള്‍ സൂര്യയും മരിച്ചു. വിദഗ്ധ ചികില്‍സയ്ക്കായി സുകുമാരനെയും സുവണയേയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ സുകുമാരനും മരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൂലിപണിക്കാരനായിരുന്നു സുകുമാരന്‍. റബര്‍ വെട്ടിയും നാട്ടിലെ മറ്റു പണികളും ചെയ്തുമാണ് കുടുംബം പുലര്‍ത്തിയിരുന്നത്. മകള്‍ സുവര്‍ണ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. മൂത്തമകള്‍ സൂര്യയുടെ വിവാഹം ഡിസംബര്‍ 12നു നടത്താന്‍ നിശ്ചയിച്ചിരിക്കയായിരുന്നു.സൂര്യയ്ക്ക് കോവിഡു വന്നു മാറിയ ശേഷം ശാരിക അസ്വസ്ഥതകള്‍ വിട്ടു മാറിയിരുന്നില്ല. മകളുടെ രോഗാവസ്ഥ മൂലമുള്ള മനോവിഷമം കുടുംബത്തെ ഉലച്ചിരുന്നു. ആസിഡ് കഴിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് വൈദ്യ പരിശോധന നടത്തിയപ്പോള്‍ സുകുമാരനു പ്രമേഹം സ്ഥിരീകരിച്ചു. മൂത്ത മകളുടെ ശാരിരീക അസ്വസ്ഥതകളും തനിക്ക് പ്രമേഹം സ്ഥിരീകരിച്ചതിലെ മാനസിക പിരിമുറുക്കവുമാകാം മക്കളെ കൂട്ടി ജീവനൊടുക്കാന്‍ മാതാപിതാക്കളെ പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു.
നില ഗുരുതരമായ സുവര്‍ണ്ണയെ മെഡിസിന്‍ തീര്‍വ്വ പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രി വിട്ടിരുന്നെങ്കിലും അന്നനാളത്തിനേറ്റ തകരാറിനെ തുടര്‍ന്ന് സുവര്‍ണയെ കഴിഞ്ഞ ഏഴിനു വീണ്ടും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതം മൂലമാണ് അന്ത്യം. സംസ്‌കാരം നടത്തി.