തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് മടങ്ങിയവർ മരണപ്പെട്ടതിന് പിന്നാലെ ഹോട്ടലിലേക്കെത്തുന്ന മത്സ്യത്തിന്‍റെ വഴി തേടി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ. കഴിഞ്ഞ 16ന് വിഴിഞ്ഞത്തെ അസ്മാക് ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച് മടങ്ങവെ വഴിക്കുവച്ച് അസ്വസ്ഥത ഉണ്ടായ നിലമേല്‍ സ്വദേശികളായ ഷാജി (42), റാഷിദ ബീവി(58) എന്നിവർ മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കുടുംബാംഗങ്ങള്‍ പരാതിയുമായെത്തിയതോടെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനയാരംഭിച്ചത്. വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്നും കഴിച്ച മീൻ മുട്ടയില്‍ നിന്നാകാം വിഷബാധയുണ്ടായതെന്നാണ് സംശയിക്കപ്പെടുന്നത്.
അസ്മാക് ഹോട്ടലില്‍ നിന്നു ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച ഭക്ഷണ സാംപിളുകളുടെ ഫലം ഭക്ഷ്യ സുരക്ഷാ കമ്മിഷണറേറ്റില്‍ ലഭിച്ചിട്ടില്ല. അതു ലഭിച്ച ശേഷമേ ഭക്ഷ്യവിഷബാധ സ്ഥിരീകരിക്കാൻ കഴിയൂ. എങ്കിലും വിഴിഞ്ഞത്തെ ചില ഹോട്ടലുകളില്‍ മീൻമുട്ട എത്തിക്കുന്നത് തമിഴ്നാട്ടില്‍ നിന്നാണെന്നു വിവരം ലഭിച്ചതിനെ തുടർന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മിഷണർ നിർദേശിച്ച സംഘം പരിശോധനയ്ക്കായി തമിഴ്നാട് ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ സഹായം തേടിയിരുന്നു. കന്യാകുമാരിക്കു സമീപത്തെ മുട്ടം ഹാർബറടക്കം പരിശോധിക്കാനായിരുന്നു തീരുമാനമെങ്കിലും തമിഴ്നാടിന്‍റെ നിസഹകരണം മൂലം പരിശോധനയ്ക്ക് അനുമതി ലഭിച്ചില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തമിഴ്നാട്ടിലെ സീഫുഡ് കമ്പനികളില്‍ നിന്നു കയറ്റുമതിക്ക് ഉപയോഗിക്കുന്ന മീനുകളില്‍ നിന്നു നീക്കം ചെയ്യുന്ന മാലിന്യമായിരിക്കാം കേരളത്തിലെ ചില ഹോട്ടലുകളിലേക്ക് ഭക്ഷണ വിഭവമായി എത്തിക്കുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. മാലിന്യമായി ഉപേക്ഷിക്കുന്ന മീൻമുട്ട ഉള്‍പ്പെടെയുള്ളവ കഴുകി വൃത്തിയാക്കി കേരളത്തിലെത്തിച്ചു വലിയ വിലയ്ക്കു വില്‍ക്കും. ഇത്തരത്തില്‍ എത്തിച്ച മുട്ടയാണോ ഭക്ഷ്യ വിഷബാധയ്ക്കു കാരണമായത് എന്ന സംശയത്തിലാണ് പരിശോധന നടത്താനൊരുങ്ങിയത്. എന്നാല്‍ തമിഴ്നാട് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് അനുമതി നല്‍കാത്തതിനാല്‍ സാംപിള്‍ പരിശോധനാ ഫലം ലഭിച്ച ശേഷം തുടർനടപടിയെടുക്കാനാണ് തീരുമാനം.അതേസമയം, ഇതേ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച കൂടുതല്‍ പേർ പരാതിയുമായി എത്തുന്നുണ്ട്.


