ശരീരത്തില്‍ രക്തം നിര്‍മിക്കപ്പെടുന്ന മജ്ജ, ലിംഫാറ്റിക് സംവിധാനം എന്നിവിടങ്ങളില്‍ രൂപപ്പെടുന്ന അര്‍ബുദമാണ് രക്താര്‍ബുദം അഥവാ ലുക്കീമിയ. തുടക്കത്തിൽ തന്നെ ശരീരം കാണിക്കുന്ന പല ലക്ഷണങ്ങളും നാം അവഗണിച്ചു പോകുമ്പോഴാണ് ഇവ വളരെ അധികം അപകടകരമായ അവസ്ഥയിലേക്ക് എത്തുക. ഇവ ആദ്യം തന്നെ തിരിച്ചറിഞ്ഞ് കൃത്യമായ രീതിയിൽ ചികിത്സ ആരംഭിച്ചാൽ ഒരു പരിധി വരെ നമുക്ക് രോഗത്തിൽ നിന്ന് രക്ഷപെടാനുള്ള സാധ്യത വർധിക്കും.
രക്താര്‍ബുദം ഉള്ളവരില്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി കുറഞ്ഞിരിക്കും. ഇത് വിളര്‍ച്ചയ്ക്കും ക്ഷീണത്തിനും കാരണമാകും. എപ്പോഴും തളര്‍ച്ചയും തലകറക്കവും അനുഭവപ്പെടുന്നെങ്കില്‍ ഡോക്ടറെ കണ്ടു പരിശോധനകള്‍ നടത്തണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അകാരണമായി ശരീരഭാരം കുറയുന്നതാണ് രക്താർബുദത്തിന്റെ ഒരു പ്രധാന ലക്ഷണം. ഭക്ഷണക്രമത്തിലോ വ്യായാമത്തിലോ യാതൊരു മാറ്റവുമില്ലാതെ അവിചാരിതവുമായി ശരീരഭാരം കുറയുന്നത് രക്താർബുദത്തിന്റെ ഒരു സൂചനയാകാം. മതിയായ വിശ്രമത്തിനു ശേഷവും അമിതമായ ക്ഷീണമോ, തളർച്ചയോ സ്ഥിരമായി അനുഭവപ്പെടുന്നത് ചിലപ്പോള്‍ ബ്ലഡ് ക്യാൻസറിന്റെ ലക്ഷണമാകാം.
കൂടാതെ എല്ലുകളിലോ സന്ധികളിലോ സ്ഥിരമായി ഉണ്ടാകുന്ന വേദന അവഗണിക്കരുത്. തുടർച്ചയായി ഇത്തരം അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരു ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണ്. കൂടാതെ ചെറിയ മുറിവുകളിൽ നിന്ന് നീണ്ട രക്തസ്രാവം അനുഭവപ്പെടുന്നതും നിസാരമായി കാണേണ്ട.
ഇടയ്‌ക്കിടെ ഉണ്ടാകുന്ന നെഞ്ചുവേദനയും ശ്വാസതടസ്സം അനുഭവപ്പെടുന്നതും ബ്ലഡ് ക്യാൻസറിന്റെ ഒരു ലക്ഷണമായിരിക്കാം.
രക്താർബുദം രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുന്നു. ഇതു മൂലം പെട്ടെന്ന് അണുബാധകൾ പിടിപ്പെടാന്‍ കാരണമാകും. മൂക്ക്, വായ, മലദ്വാരം, മൂത്രദ്വാരം എന്നിവിടങ്ങളില്‍ നിന്നുള്ള അസ്വഭാവിക ബ്ലീഡിങ് എന്നിവയും സൂക്ഷിക്കേണ്ടതാണ്.
പനി, തലവേദന, ചര്‍മ്മത്തിലും വായിലും മറ്റുമുണ്ടാകുന്ന തടിപ്പുകളും വ്രണങ്ങളും ശ്രദ്ധിക്കേണ്ടതാണ്. രാത്രിയില്‍ അമിതമായി വിയര്‍ക്കുന്നതും നിസാരമായി കാണേണ്ട. ലുക്കീമിയയുടെ ഫലമായി കരളും പ്ലീഹയും വീര്‍ത്തിരിക്കാനും സാധ്യതയുണ്ട്. അതിനാൽ ശരീരത്തിൽ ഉണ്ടാകുന്ന മറ്റ് അസ്വസ്ഥതകളും ശ്രദ്ധിക്കേണ്ടതാണ്.