മലപ്പുറം: താനൂർ കസ്റ്റഡി മരണത്തിൽ എട്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ. എസ് ഐ കൃഷ്ണലാൽ, പൊലീസ് ഉദ്യോഗസ്ഥരായ മനോജ്, ശ്രീകുമാർ, ആശിഷ് സ്റ്റീഫൻ, ജിനേഷ്, അഭിമന്യു, വിപിൻ, ആൽബിൻ അഗസ്റ്റിൻ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ റേഞ്ച് ഡിഐജിയുടേതാണ് നടപടി.
കഴിഞ്ഞ ദിവസമാണ് ലഹരിമരുന്ന് കേസിൽ താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത താമിര്‍ ജിഫ്രി മരിച്ചത്. പിന്നാലെ കസ്റ്റഡി മര്‍ദ്ദനമാണ് മരണകാരണമെന്ന് ആരോപിച്ച് പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍ താമിര്‍ ജിഫ്രി പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നുമായിരുന്നു പൊലീസിന്റെ വിശദീകരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിൽ നിന്ന് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറുകയും അന്വേഷണ ചുമതലയിൽ നിന്ന് മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ മാറ്റുകയും ചെയ്‌തിരുന്നു. പകരം മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി റെജി എം കുന്നിപ്പറമ്പനാണ് ചുമതല. കോഴിക്കോട് ക്രൈം ബ്രാഞ്ച് എസ്പി മൊയ്തീൻ കുട്ടിക്ക് മേൽനോട്ട ചുമതലയും നൽകി.
സംഭവത്തില്‍ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് പുറത്ത് വന്നിരുന്നു. മരിച്ച യുവാവിന് മര്‍ദ്ദനമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. താമിര്‍ ജിഫ്രിയുടെ പുറത്ത് മര്‍ദ്ദനമേറ്റ പാടുകളുണ്ട്. ആമാശയത്തില്‍ ക്രിസ്റ്റല്‍ അടങ്ങിയ പ്ലാസ്റ്റിക് കവറുകളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ആന്തരികാവയവങ്ങളുടെ രാസ പരിശോധനാഫലം പുറത്തുവന്ന ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് അറിയിച്ചു.