തൃശൂർ പൂരത്തിന് പോയി ജാക്കി വയ്ക്കുന്ന ബോബി ചെമ്മണ്ണൂർ അറിയുന്നുണ്ടോ അത് അനുഭവിക്കുന്ന സ്ത്രീകളുടെ മാനസിക സംഘർഷം ; പന്ത്രണ്ടാം വയസിൽ ഓട്ടോ ഡ്രൈവർ മുതൽ നേരിട്ട അനുഭവം വ്യക്തമാക്കി രേവതി രൂപേഷ് രംഗത്ത്

കൊച്ചി : കുട്ടിക്കാലത്ത് താന്‍ നേരിട്ട അനുഭവങ്ങള്‍‌ തുറന്ന് പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് രേവതി രൂപേഷ്. തന്‍റെ ഫേസ്ബുക്കിലൂടെയാണ് താരം വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. നഴ്സറി ക്ലാസില്‍ പോകുമ്പോള്‍ ഓട്ടോ ഡ്രൈവര്‍ മടിയിലിരുത്തി വേദനിപ്പിച്ചതും ഉറക്കമില്ലാരാത്രികളിലേക്ക് പേടിയോടെ കൂപ്പുകുത്തി വീണതും യുവതി ത​ന്റെ കുറിപ്പില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്.

Advertisements

കുറുപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ:


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നഴ്സറി ക്ലാസില്‍ പോകുമ്പോള്‍ ഓട്ടോ ഡ്രൈവര്‍ മടിയിലിരുത്തി വേദനിപ്പിച്ചത് അന്ന് ഉറക്കമില്ലാത്ത രാത്രികളിലേക്ക് പേടിയോടെ കൂപ്പുകുത്തി വീണിട്ടും ,എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടുംഈ മുപ്പത്തിനാലാം വയസ്സിലും മുറിവായി തന്നെയുണ്ട്.12 വയസിലാണ് അങ്കിള്‍ എന്ന് വിളിച്ചിരുന്ന അച്ഛന്റെ സുഹൃത്തിന്റെ സ്നേഹപ്രകടനങ്ങള്‍ അതിരുവിടുന്നു എന്ന് തോന്നി തുടങ്ങിയതും പ്രതികരിച്ചു തുടങ്ങിയതും.പിന്നെ സിനിമയ്ക്ക് പോയപ്പോഴും, ബസ്സില്‍ കയറിയപ്പോഴും,അങ്ങനെ തിരക്കുള്ള എല്ലാ സ്ഥലങ്ങളിലും മനസ്സിനെ മുറിവേല്‍പ്പിക്കുന്ന എന്തെങ്കിലും ഒന്ന് ഉണ്ടാകും.. സുഹൃത്തുക്കളോട് സംസാരിച്ചപ്പോള്‍ അവരുടെ അനുഭവവും ഇതുതന്നെ.

അന്ന് മുതലാണ് തിരക്കുള്ള എല്ലാ സ്ഥലങ്ങളും പേടിയായി തുടങ്ങിയത്.ഒരിക്കല്‍ തൃശ്ശൂര്‍ പൂരത്തിന് പോകാന്‍ അച്ഛന്റെ അടുത്തു വാശിപിടിച്ചപ്പോള്‍ ഒരു ഫാമിലി തൃശ്ശൂര്‍ പൂരത്തിന്റെ തിരക്കിനിടയില്‍ പെട്ട് അതിലെ ആ പെണ്‍കുഞ്ഞിനും അമ്മയ്ക്കും അനുഭവിക്കേണ്ടിവന്നത് കേട്ടപ്പോള്‍ പൂരം പോലും വെറുത്തു പോയ അവസ്ഥയുണ്ട്.ബോബി ചെമ്മണ്ണൂരിന്റെ വീഡിയോ മുഴുവനായി ശ്രദ്ധിക്കാതെ അദ്ദേഹത്തിന്റെ മാര്‍ക്കറ്റിംഗ് തന്ത്രത്തെ പുകഴ്ത്തി കമന്റ് ചെയ്തിരുന്നു.അതില്‍ അയാള്‍ പറയുന്ന ഒരു കാര്യമുണ്ട് തൃശ്ശൂര്‍ പൂരത്തിന് പോകുമ്പോള്‍ ജാക്കി വെക്കാറുണ്ട്, ഇപ്പോള്‍ അതിന്റെ ആവശ്യമില്ലെന്ന്.അത്രയും സിംപിള്‍ ആയാണ് അയാള്‍ അത് പറഞ്ഞു പോകുന്നത് ..പക്ഷേ അതിനു വിധേയരാകുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ എത്രവലുതാണെന്ന് ഊഹിക്കാന്‍ പോലും പറ്റില്ല.

ഈ പ്രാവശ്യം തൃശ്ശൂര്‍ പൂരത്തലേന്ന് രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം പൂമ്ബാറ്റയെപ്പോലെ പാറി നടന്നപ്പോള്‍ ഞാന്‍ അനുഭവിച്ച സന്തോഷം..അത് എത്രയോ വലുതാണ്.എന്റെ അറിവില്‍ 90 ശതമാനവും അല്ലെങ്കില്‍ അതില്‍ കൂടുതലും സ്ത്രീകള്‍ കുഞ്ഞിലെ മുതല്‍ ഇങ്ങനെയുള്ള ദുരനുഭവങ്ങള്‍ ക്ക്, അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ടാകും. അത് നല്കുന്ന മാനസിക ആഘാതങ്ങളില്‍ നിന്നും മോചിതരാകാന്‍ വര്‍ഷങ്ങളും എടുത്തിട്ടുണ്ടാകും. എത്രയോ സ്ത്രീകള്‍ ഇങ്ങനെയുള്ള മുറിപ്പാടുകള്‍ പങ്കുവെച്ചിട്ടുണ്ട്.പ്രതികരിക്കാന്‍ പ്രാപ്തയാകുന്നത് വരെ അവള്‍ ആ മുറിപ്പാടുകളുടെ ആഴങ്ങളില്‍ കൂപ്പുകുത്തി കിടക്കും.വീണ്ടും വീണ്ടും ആ ഓര്‍മ്മകള്‍ തിരികെ വന്ന് അവളെ കുത്തി നോവിച്ചു കൊണ്ടിരിക്കും.

പെണ്ണിന്റെ മാനം ആകാശത്തു കൊണ്ടുവച്ച ഈ സമൂഹത്തില്‍ ഒരു ബോധം വരുന്നതുവരെ അവള്‍ സ്വയം തെറ്റുകാരിയായി അവളെ തന്നെ ചിലപ്പോള്‍ ചിത്രീകരിക്കും. ” ഇല വന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും ഇലക്കാണ് കേട് ” എന്ന തരത്തില്‍ സമൂഹം സംരക്ഷണം കൊണ്ട് ബന്ധിയാക്കുന്ന ഒരുപാട് കാര്യങ്ങള്‍ ഉണ്ടല്ലോ അതില്‍ അവള്‍ അകപ്പെട്ട് പോകും.സമൂഹത്തിന്റെ മുന്നില്‍ നിന്നും സമൂഹത്തിന്റെ ചിന്താഗതികള്‍ ക്കെതിരെ ആയി സംസാരിക്കുന്ന സ്ത്രീകളെ അല്ലെങ്കില്‍ ഉച്ചത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്ന സ്ത്രീകളെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. എന്തുകൊണ്ടാണെന്ന് അറിയാമോ..

നിങ്ങള്‍ കെട്ടിക്കൊടുത്ത എത്രയോ ഇരുമ്ബ് വേലിക്കെട്ടുകള്‍ തകര്‍ത്താണ് അവര്‍ ഈ സമൂഹത്തിനു മുന്‍പില്‍ വന്ന് നില്‍ക്കുന്നത് എന്ന് അറിയാമോ..പ്രതികരിക്കുന്ന സ്ത്രീകളെ അഹങ്കാരി തന്റെടി എന്നും പ്രതികരിക്കുന്ന പുരുഷന്‍ ആണത്തത്തിന്റെ പ്രതീകവുമാണ് ഇപ്പോഴും. മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും.പൊതു ഇടങ്ങള്‍ ഞങ്ങളുടേത് കൂടിയാകുന്നു. തിരക്കിനെ പേടിയില്ലാതെ , അമര്‍ത്തിയുള്ള നോട്ടങ്ങള്‍ ഇല്ലാതെ, അനാവശ്യ സംരക്ഷണങ്ങള്‍ പഠിപ്പിക്കാതെ,ഇഷ്ടമല്ലാത്ത സ്പര്‍ശനങ്ങള്‍ ഇല്ലാതെ രാത്രിയും പകലുമില്ലാതെ, ഇഷ്ടങ്ങള്‍ ആസ്വദിക്കാന്‍ പാറി പറന്നു നടക്കാന്‍.

Hot Topics

Related Articles