ഏതാനും ദിവസങ്ങളായി കട്ടപ്പന വാഴവര നിവാസികളെ ഭീതിയിലാക്കിയ കടുവയെ ഏലത്തോട്ടത്തിലെ കുളത്തില്‍ ചത്ത നിലയില്‍ കണ്ടെത്തി. നിര്‍മ്മലാ സിറ്റി ഇടയത്തുപാറയില്‍ ഷിബുവിന്റെ ഏലത്തോട്ടത്തിലെ കുളത്തിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്.
അതിനിടെ സ്ഥലത്ത് എത്തിയ പോലീസും നാട്ടുകാരുംതമ്മില്‍ സംഘര്‍ഷമുണ്ടായി. വെള്ളിയാഴ്ച രാത്രി തന്നെ കടുവ കുളത്തില്‍ വീണിരിക്കാമെന്നാണ് കരുതുന്നത്. വനപാലകര്‍ സ്ഥലത്ത് വന്നെങ്കിലും നാട്ടുകാരുടെ തിരക്ക് മൂലം കുളത്തിന് സമീപത്തേക്ക് കഴിഞ്ഞില്ല. ഇതിനിടെയാണ് പോലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായത്.
കുളത്തിലെ പച്ച വലയില്‍ കുടുങ്ങി കിടന്നിരുന്ന കടുവ പിന്നീട് കുളത്തിനടിയിലേക്ക് മുങ്ങിപ്പോയി. കട്ടപ്പന ഫയര്‍ഫോഴ്‌സ് സംഘം കടുവയെ കുളത്തില്‍ നിന്ന് പുറത്തെടുത്തു. തേക്കടി പെരിയാര്‍ ടൈഗര്‍ റിസര്‍വ്വില്‍ എത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ കടുവയുടെ മരണകാരണം വ്യക്തമാവുകയുള്ളു.
വെള്ളിയാഴ്ചയാണ് ഇടുക്കി കട്ടപ്പനക്കടുത്ത് വാഴവരയില്‍ കടുവയുടെ സാന്നിധ്യം ഉണ്ടായത്. കടുവയുടെ ആക്രമണത്തില്‍ പള്ളിനിരപ്പേല്‍ ജോണിന്റെ പശുക്കിടാവ് ചത്തിരുന്നു. നാട്ടുകാരും വനപാലകരും നടത്തിയ പരിശോധനയില്‍ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു. പുലിയാണ് പശുക്കിടാവിനെ ആക്രമിച്ചതെന്നാണ് ആദ്യം കരുതിയത്. പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ നിന്നുള്ള മൃഗഡോക്ടര്‍ നടത്തിയ പരിശോധനയിലും പശുക്കിടാവിനെ ആക്രമിച്ചത് പുലിയാണ് എന്ന നിഗമനത്തിലാണ് എത്തിയത്. അതിനിടെ പ്രദേശത്ത് വേറെ പുലി ഉണ്ടോ എന്ന സംശയവും നാട്ടുകാര്‍ക്കുണ്ട്.