വിനോദ സഞ്ചാര മേഖലയ്ക്ക് പുതുജീവനേകാൻ പുതുപ്പള്ളി ; ദൃശ്യചാരുത പകരാൻ പാറയ്ക്കൽകടവ്

പുതുപ്പള്ളി : പുതുപ്പള്ളിയിലെ ദൃശ്യ മനോഹരമായ പാറയ്ക്കൽ കടവിന് പുതു ജീവനേകി പുതുപ്പള്ളി പഞ്ചായത്ത്. ഗ്രാമഭംഗി നിറഞ്ഞൊഴുകുന്ന പാറയ്ക്കൽ കടവിന്റെ ചാരുത വർദ്ധിപ്പിക്കുന്ന പ്രവൃത്തനങ്ങൾക്ക് തുടക്കമായി. പഞ്ചായത്തിലെ 15ആം വാർഡിൽ പാറയ്ക്കൽകടവിന്റെ സൗന്ദര്യവത്കരണവും, കയർ ഭൂവസ്ത്രം വിരിക്കലിന്റെ പഞ്ചായത്ത് തല ഉത്ഘാടനം പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ: ടോമിച്ചൻ ജോസഫ് ഉത്ഘാടനം ചെയ്തു. ഇരുവശവും പാടശേഖരങ്ങൾക്ക് കുറുകെ വിശാലമായ റോഡും, റോഡിന് ഇരുവശവും ഉദ്യാന സമാനം ഇടതൂർന്നു വളർന്ന മരങ്ങളും, ഒക്കെയായി കൊടൂരാറിന്റെ തീരത്ത് പതിറ്റാണ്ടുകൾക്ക് മുൻപ് സ്വാഭാവികമായി രൂപാന്തരപ്പെട്ട സൗന്ദര്യമാണ് പാറക്കൽ കടവിന്റേത്.
വഴിയോര വിശ്രമകേന്ദ്രം എന്ന നിലയിൽ കാലങ്ങളോളം വഴി യാത്രക്കാരുടെ ഇഷ്ടതാവളമായിരുന്ന ഇവിടം, നിരവധി സിനിമാ ചിത്രീകരണങ്ങൾക്കും, ആൽബം-കല്യാണം വീഡിയോ ചിത്രീകരണങ്ങൾക്കും ഒരു സ്ഥിരം വേദി കൂടിയായിരുന്നു.

Advertisements

എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി മരങ്ങൾ കടപുഴകി വീണും, കാടു കയറിയും, വാഹനങ്ങളിൽ കൊണ്ടുവന്നു മാലിന്യം നിക്ഷേപിച്ചുമെല്ലാം തീർത്തും പ്രതാപം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു .
ഘട്ടംഘട്ടമായുള്ള പദ്ധതികളിലൂടെ
വരുംനാളുകളിൽ കൂടുതൽ വഴിയാത്രികരെ ഇവിടേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങൾക്കാണ് പഞ്ചായത്ത് നേതൃത്വത്തിൽ തുടക്കമിടുന്നത്..
തൊഴിലുറപ്പ് പദ്ധതിയിലുൾപെടുത്തി കയർഭൂവസ്ത്രം വിരിക്കുന്ന പ്രവൃത്തിയാണ് പ്രാഥമികമായി നടപ്പാക്കുന്നത്,
കാട് വെട്ടിത്തെളിച്ച് ഉദ്യാനം വൃത്തിയാക്കുന്നതിനും, മാലിന്യനിർമ്മാർജ്ജനത്തിനും, ചെടികൾ വച്ചുപിടിപ്പിച്ചു കൂടുതൽ ആകർഷകമാക്കുന്നതിനുമുള്ള പ്രത്യേക ശ്രമങ്ങളും ഉണ്ട്,
ടേക്ക്-എ-ബ്രേക്ക് നിർമ്മാണവും അനുബന്ധ സൗകര്യമൊരുക്കലിനുമായി 20 ലക്ഷം രൂപയാണ് ഇത്തവണ പഞ്ചായത്ത് ബഡ്ജറ്റിൽ പാറയ്ക്കൽകടവിനായി നീക്കിവച്ചിട്ടുള്ളത്,
കൊടൂരാറിനാൽ പരസ്പരം ബന്ധിപ്പിക്കപ്പെട്ടു കിടക്കുന്ന അമ്പാട്ടുകടവ് ആമ്പൽ തടാകം- അങ്ങാടി വഴിയോര വിശ്രമകേന്ദ്രം- പാറയ്ക്കൽ കടവ് ഉദ്യാനം ഇവയെ സംയോജിപ്പിച്ചുകൊണ്ടുള്ള ഫാം ട്യൂറിസം പദ്ധതി നിർദ്ദേശം സംസ്ഥാന ടൂറിസം വകുപ്പിന് നൽകുന്നതിനൊപ്പം;
പൊതുജങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണമുറപ്പാക്കി കഴിയുന്നത്ര സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ നടത്തി പാറയ്ക്കൽകടവിനെ ഗ്രാമോദ്യാനം എന്ന നിലയിലേക്ക് ഉയർത്താനാണ് ശ്രമിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ അധ്യക്ഷയായി , വാർഡ് മെമ്പർ വിഷ്ണു പ്രസാദ്, പള്ളം ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീലമ്മ ജോസഫ്‌, സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ അനിൽ എം ചാണ്ടി,പ്രിയാകുമാരി, ശാന്തമ്മ തോമസ്‌, ശാന്തമ്മ ഫിലിപ്പോസ്‌ , സി എസ് സുധൻ, സിപിഐഎം ഏരിയ കമ്മറ്റി അംഗം സജേഷ് തങ്കപ്പൻ, ലോക്കൽ സെക്രട്ടറി ജോൺ ബേബി, പഞ്ചായത്ത് അംഗങ്ങൾ, തൊഴിലുറപ്പ് അക്രെഡിറ്റഡ് എൻജിനീയർ ഹിമ എസ് എന്നിവർ സംസാരിച്ചു.

Hot Topics

Related Articles