ഡൽഹി : ട്രെയിനുകളില്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ചു.മറ്റ് ട്രെയിനുകള്‍ ദീര്‍ഘനേരം പിടിച്ചിട്ട് വന്ദേ ഭാരത് ട്രെയിനുകള്‍ കടത്തിവിടുന്ന രീതിയും പുനഃപരിശോധിക്കണമെന്ന് എംപി കത്തില്‍ ആവശ്യപ്പെട്ടു. ഉത്തര കേരളത്തില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളുടെ കുറവ് നിമിത്തം യാത്രക്കാര്‍ അങ്ങേയറ്റം കഷ്ടപ്പെടുകയാണ്. തുലോം പരിമിതമായ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളില്‍ സൂചി കുത്താനിടമില്ലാതെ തിങ്ങി നിറഞ്ഞാണ് ഇപ്പോള്‍ യാത്രക്കാര്‍ സഞ്ചരിക്കുന്നത്.
ഗുസ്തി പിടിച്ചും തിങ്ങി നിറഞ്ഞു നില്‍ക്കുന്നവരെ ചവിട്ടിയകറ്റിയും മാത്രമേ ജനറല്‍ കംപാര്‍ട്‌മെന്റുകളിലേക്ക് പ്രവേശിക്കുവാന്‍ പോലും കഴിയൂ. പലപ്പോഴും വാതില്‍പ്പടിയില്‍ തൂങ്ങിനിന്നാണ് യാത്ര. വായു സഞ്ചാരം പോലും തടസ്സപെടുന്ന രീതിയില്‍ തിങ്ങി നിറഞ്ഞു യാത്ര ചെയ്യുന്നത് മൂലം യാത്രക്കാര്‍ ബോധരഹിതരാകുന്നത് പതിവ് കാഴ്ചയായി മാറിയിട്ടും റെയില്‍വേ അധികാരികള്‍ കണ്ട മട്ട് നടിച്ചിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉത്തര കേരളത്തില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ ജനറല്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ മാത്രമേ ഇതിനൊരറുതി വരുത്താന്‍ കഴിയൂ എന്ന് എംപി കേന്ദ്ര റെയില്‍വേ മന്ത്രിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. ആകയാല്‍ എത്രയും വേഗം ട്രെയിനുകളില്‍ ജനറല്‍ കമ്ബാര്‍ട്ടുമെന്റുകളുടെ എണ്ണം കൂട്ടാന്‍ വേണ്ട നിര്‍ദേശം റെയില്‍വേ അധികാരികള്‍ക്കു നല്‍കണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി കേന്ദ്ര റെയില്‍വേ മന്ത്രിയോട് ആവശ്യപ്പെട്ടു.