കൊച്ചി :വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്ക മരണം സംഭവിച്ച അങ്കമാലി സ്വദേശി ബില്‍ജിത്ത് ബിജു (18) വിൻ്റെ ഹൃദയം ഇപ്പോള്‍ കൊല്ലം സ്വദേശിയായ പതിമൂന്നുകാരിയുടെ ശരീരത്തില്‍ സ്പന്ദിക്കുന്നു. കൊച്ചി ലിസി ആശുപത്രിയില്‍ പുലര്‍ച്ചെ പൂര്‍ത്തിയായ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ നിന്നാണ് ഹൃദയം എത്തിച്ചത്. പുലര്‍ച്ചെ ഒന്നരയോടെ തുടങ്ങിയ ശസ്ത്രക്രിയയില്‍ ഡോ. ജോസ് ചാക്കോ പെരിയപുരത്തിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം നേതൃത്വം വഹിച്ചു. പുലര്‍ച്ചെ 3.30-ന് തന്നെ ഹൃദയം പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്പന്ദനം ആരംഭിച്ചു.
എന്നാല്‍ അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.കാലടി ആദിശങ്കര എഞ്ചിനീയറിങ് കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായിരുന്ന ബില്‍ജിത്തിന്റെ വൃക്കകള്‍, കണ്ണ്, ചെറുകുടല്‍, കരള്‍ എന്നിവയും ദാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ചികിത്സയില്‍ ആയിരുന്ന പെണ്‍കുട്ടിയാണ് ഹൃദയം ലഭിച്ചത്.ഇന്നലെ ഉച്ചയോടെയാണ് ശസ്ത്രക്രിയയ്ക്കായി ലിസി ആശുപത്രിയില്‍ എത്തണമെന്ന വിവരം പെണ്‍കുട്ടിയുടെ കുടുംബത്തിന് ലഭിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടര്‍ന്ന് വൈകിട്ട് ഏഴുമണിയോടെ അവര്‍ ആശുപത്രിയില്‍ എത്തുകയായിരുന്നു.സര്‍ക്കാര്‍ സംവിധാനങ്ങളും ജനങ്ങളും ഒന്നായി പ്രവര്‍ത്തിച്ചതിന്റെ മാതൃകയായാണ് വീണ്ടും അവയവദാനം നടന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം സ്വദേശി ഐസക് ജോര്‍ജിന്റെ ഹൃദയം കൊച്ചിയിലെത്തിച്ച് നടത്തിയ ഹൃദയമാറ്റത്തിന് പിന്നാലെയാണ് ബില്‍ജിത്തിന്റെ ഹൃദയം മറ്റൊരാളില്‍ ജീവന് നല്‍കിയത്.