ഡല്‍ഹി: ബുള്‍ഡോസർ നടപടിയുമായി ബന്ധപ്പെട്ട തന്റെ വിധി മാനുഷികപ്രശ്‌നം കൈകാര്യം ചെയ്തതിനാല്‍ വലിയ സംതൃപ്തി നല്‍കിയെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്. ജസ്റ്റിസുമാരായ ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് 2024 നവംബർ 13-ന്, ഉത്തർ പ്രദേശിലും മറ്റും നടന്ന ‘ബുള്‍ഡോസർ നീതി’യെ കയ്യൂക്കുള്ളവൻ കാര്യക്കാരനാകുന്ന നിയമരാഹിത്യ അവസ്ഥയോട് ഉപമിക്കുകയും ഇതിനെതിരെ രാജ്യവ്യാപക മാർഗ്ഗനിർദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
‘ഞങ്ങള്‍ രണ്ടുപേർക്കും വലിയ സംതൃപ്തി നല്‍കിയ വിധികളിലൊന്ന് ബുള്‍ഡോസർ വിധിയായിരുന്നുവെന്നാണ് ഞാൻ കരുതുന്നത്. ആ വിധിയുടെ കാതല്‍ മനുഷ്യരുടെ പ്രശ്‌നങ്ങളും അവർ നേരിടുന്ന ബുദ്ധിമുട്ടുകളുമായിരുന്നു. കുടുംബത്തിലെ ഒരംഗം കുറ്റവാളിയോ ആരോപണ വിധേയനോ ആണെന്ന ഒറ്റക്കാരണത്താല്‍ ഒരു കുടുംബം മുഴുവൻ പീഡിപ്പിക്കപ്പെടുന്നു.’ ഇതിന്റെ ബഹുമതി പ്രധാനമായും തനിക്കാണ് ലഭിക്കുന്നതെങ്കിലും, വിധി എഴുതിയതില്‍ തുല്യ ബഹുമതി ജസ്റ്റിസ് വിശ്വനാഥനും അവകാശപ്പെട്ടതാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. നീതിന്യായ നിർവഹണത്തില്‍ ചീഫ് ജസ്റ്റിസിന്റെ കാലാവധിക്ക് യാതൊരു സ്വാധീനവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘ചീഫ് ജസ്റ്റിസിന്റെ കാലാവധിക്ക് നീതിന്യായ നിർവഹണത്തിന്റെ കാര്യക്ഷമതയുമായി നേരിട്ട് ബന്ധമുണ്ടെന്ന് ഞാൻ കരുതുന്നില്ല. രണ്ടര മാസക്കാലം സേവനമനുഷ്ഠിച്ച ജസ്റ്റിസ് ലളിതിനെയും ജസ്റ്റിസ് സഞ്ജീവ് ഖന്നയെയും പോലുള്ള മികച്ച ചീഫ് ജസ്റ്റിസുമാർ നമുക്കുണ്ടായിരുന്നു. അവർ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കുകയും നീതി നിർവഹണത്തിന് നല്‍കിയ സംഭാവനകളുടെ പേരില്‍ അറിയപ്പെടുകയും ചെയ്യുന്നു.’ അദ്ദേഹം പറഞ്ഞു.
‘നീതിന്യായ നിർവഹണം മെച്ചപ്പെടുത്തുന്നതിനും രാജ്യത്തുടനീളമുള്ള ജുഡീഷ്യല്‍ അടിസ്ഥാന സൗകര്യങ്ങളില്‍ പുരോഗതി കൊണ്ടുവരുന്നതിനും ഹൈക്കോടതികളിലേക്കുള്ള നിയമനങ്ങള്‍ വേഗത്തില്‍ പൂർത്തിയാക്കി അതിന്റെ ലക്ഷ്യത്തിലെത്തിക്കുന്നതിനും ഓരോ നിമിഷവും ഞാൻ ശ്രമിച്ചിട്ടുണ്ട്.’ ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീം കോടതി അഭിഭാഷകരുടെ അക്കാദമിക് ഗ്രൂപ്പ് സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ സംസാരിക്കവെ, ഏകദേശം ആറുമാസക്കാലം ജസ്റ്റിസ് വിശ്വനാഥനൊപ്പം ബെഞ്ച് പങ്കിടാൻ അവസരം ലഭിച്ചുവെന്നും ചീഫ് ജസ്റ്റിസ് ഗവായ് പറഞ്ഞു.


