വൈക്കത്ത് ക്ഷേത്രത്തിൽ മോഷണം : വെച്ചൂർ ഇടയാഴം ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി കുത്തി തുറന്ന് മോഷണം 

വൈക്കം: ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിതുറന്നു പണം അപഹരിച്ചതായി പരാതി. വെച്ചൂർ ഇടയാഴം ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ മുൻവശത്തെ കാണിക്കവഞ്ചി കുത്തി തുറന്നാണ് പണം കവർന്നത്. സമീപത്തെ എൻ എസ് എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള പൂങ്കാവ് ക്ഷേത്രത്തിലെ കാണിക്കവഞ്ചിയുടെ പുറമെയുള്ള പൂട്ടു തകർത്ത മോഷ്ടാക്കൾക്ക് അകത്തെ പൂട്ട് ഭേദിക്കാനായില്ല. രണ്ട് മാസം കൂടുമ്പോഴാണ് ദേവസ്വംബോർഡിന്റെ ഉടമസ്ഥതയിലുള്ള ഇടയാഴം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചി തുറന്ന് പണമെടുക്കുന്നത്. 

കാണിക്കവഞ്ചി ഏതാനും ദിവസങ്ങൾക്കകം തുറക്കാനിരിക്കവേയാണ് മോഷണം നടന്നത്. ക്ഷേത്ര ജീവനക്കാർ രാവിലെ എത്തിയപ്പോൾ കാണിക്കവഞ്ചിയുടെ പൂട്ടു തകർത്തത് കണ്ടതിനെ തുടർന്നാണ് മോഷണ വിവരമറിയുന്നത്. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ വൈക്കം പോലീസ് സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. കഴിഞ്ഞ വർഷം വെച്ചൂരിലെ ക്ഷേത്രങ്ങിലെയും പള്ളികളിലേയും കാണിക്കവഞ്ചി തകർത്ത് പണം അപഹരിച്ച മോഷ്ടാക്കളെ പോലീസ് പിടികൂടിയിരുന്നു.

Hot Topics

Related Articles