സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സ് കയറി മേഞ്ഞു; പിടിച്ചെടുത്തത് ഒന്നര ലക്ഷത്തോളം രൂപ

സംസ്ഥാനമൊട്ടാകെയുള്ള 54 സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ഓപ്പറേഷന്‍ പഞ്ചികിരണ്‍-2 എന്ന പേരില്‍ മിന്നല്‍ പരിശോധന. സബ് രജിസ്ട്രാര്‍ ഓഫീസുകളിലെ ചില ഉദ്യോഗസ്ഥര്‍ വിവിധ രജിസ്‌ട്രേഷനുകള്‍ക്കായി എത്തുന്ന പൊതുജനങ്ങളില്‍ നിന്നും ആധാരം എഴുത്തുകാര്‍ മുഖേന ഓഫീസ് സമയം അവസാനിക്കാറാകുമ്പോള്‍ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി വിജിലന്‍സ് ഡയറക്ടര്‍, മനോജ് എബ്രഹാം ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നല്‍ പരിശോധന. പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. ഇക്കഴിഞ്ഞ നവംബര്‍ മാസം 15 ആം തീയതിയിലും വിജിലന്‍സ് സംസ്ഥാനമൊട്ടാകെ 76 സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ പരിശോധന നടത്തി ഒന്നരലക്ഷത്തോളം രൂപ പിടിച്ചെടുത്തിരുന്നു.

Advertisements

പൊതുജനങ്ങള്‍ ആധാരം എഴുത്തുകാരെ സമീപിക്കുമ്പോള്‍ മുദ്രപത്രത്തിന്റെ വിലയും എഴുത്ത് കൂലിക്കും പുറമേ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി കൈക്കൂലിയും ഈടാക്കുകയും ഓഫീസ് പ്രവര്‍ത്തനസമയം കഴിയാറാകുമ്പോള്‍ ചില സ്ഥലങ്ങളില്‍ ഓഫീസില്‍ എത്തിക്കുന്നതായും, മറ്റ് ചിലര്‍ ഗൂഗിള്‍ പേ വഴിയും മറ്റും ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതായും, ഇതിന് പ്രത്യുപകാരമായി കക്ഷികള്‍ക്ക് വസ്തുവിന്റെ വില കുറച്ച് കാണിച്ച് സ്റ്റാമ്പ് ഡ്യൂട്ടിയിനത്തിലും വിവിധ ഫീസ് ഇനത്തിലും കുറവ് വരുത്തി നല്‍കുന്നതായാണ് വിവരം. ഈ ഇളവിന്റെ ഒരു വിഹിതമാണ് ആധാരം എഴുത്തുകാര്‍ മുഖേന സബ് രജിസ്ട്രാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ കൈക്കൂലിയായി വാങ്ങുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ”ഓപ്പറേഷന്‍ പഞ്ചികിരണ്‍ 2” എന്ന പേരില്‍ 15 വ്യാഴാഴ്ച വൈകുന്നേരം 4.30 മണി മുതല്‍ ഒരേ സമയം സംസ്ഥാനത്തെ തിരഞ്ഞെടുത്ത 54 സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വീണ്ടും മിന്നല്‍ പരിശോധന നടത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വ്യാഴാഴ്ച എറണാകുളം ജില്ലയില്‍ 8, തിരുവനന്തപുരം ജില്ലയില്‍ 6, കോട്ടയം, കോഴിക്കോട്, ജില്ലകളില്‍ 5 വീതവും, കൊല്ലം, ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളില്‍ 4 വീതവും, ഇടുക്കി, പാലക്കാട്, തൃശൂര്‍, വയനാട്, എന്നീ ജില്ലകളില്‍ 3 വീതവും, പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 2 വീതവും സബ് രജിസ്ട്രാര്‍ ഓഫീസുകളിലാണ് മിന്നല്‍ പരിശോധന നടത്തിയത്.


മിന്നല്‍ പരിശോധനയില്‍ ആലപ്പുഴ ജില്ലയിലെ മാവേലിക്കര സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരില്‍ നിന്നും 47,250/ രൂപയും, കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഉണ്ടായിരുന്ന രണ്ട് ആധാരം എഴുത്തുകാരില്‍ നിന്നും 18,000/ രൂപയും, കോഴിക്കോട് ജില്ലയിലെ, കക്കോടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഏജന്റിന്റെ പക്കല്‍ നിന്നും 16,000/ രൂപയും വിജിലന്‍സ് പിടിച്ചെടുത്തു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരുടെ പക്കല്‍ നിന്നും കണക്കില്‍പെടാത്ത 17,040/ രൂപയും, കോഴിക്കോട് ജില്ലയിലെ ചേവായൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോഗസ്ഥരുടെ കയ്യില്‍ നിന്നും കണക്കില്‍ പെടാത്ത 6,200/- രൂപയും പിടിച്ചെടുത്തു.

കോഴിക്കോട് ജില്ലയിലെ, കോഴിക്കോട് സബ് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോഗസ്ഥരുടെ കയ്യില്‍ നിന്നും കണക്കില്‍പെടാത്ത 1100/- രൂപയും, കോഴിക്കോട് ജില്ലയിലെ ചാലപ്പുറം സബ് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോഗസ്ഥരുടെ കയ്യില്‍ നിന്നും 1500/- രൂപയും, മലപ്പുറം ജില്ലയിലെ, എടക്കര സബ് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോഗസ്ഥരുടെ പക്കല്‍ നിന്നും 1,870/- രൂപയും പിടിച്ചെടുത്തു.

തിരുവനന്തപുരം ജില്ലയിലെ പൂവാര്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോഗസ്ഥരുടെ പക്കല്‍ നിന്നും 1,150/- രൂപയും, പാലക്കാട് ജില്ലയിലെ, ഒലവക്കോട് സബ് രജിസ്ട്രാര്‍ ഉദ്യോഗസ്ഥരുടെ പക്കല്‍ നിന്നും കണക്കില്‍പെടാത്ത 400/- രൂപയും വിജിലന്‍സ് പിടിച്ചെടുത്തു. മലപ്പുറം ജില്ലയിലെ, ഇടപ്പാള്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഫയലുകള്‍ക്കിടയില്‍ നിന്നും 700/- രൂപയും മലപ്പുറം ജില്ലയിലെ തിരൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഫയലുകള്‍ക്കിടയില്‍ നിന്നും 500/- രൂപയും,

എറണാകുളം ജില്ലയിലെ, ആലുവ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഫയലുകള്‍ക്കിടയില്‍ നിന്നും 2800/- രൂപയും, തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളം സബ് രജിസ്ട്രാര്‍ ഓഫീസിലെ ഫയലുകള്‍ക്കിടയില്‍ നിന്നും 2,220/- രൂപയും, പത്തനംതിട്ട ജില്ലയിലെ പന്തളം സബ്രജിസ്ട്രാര്‍ ഓഫീസിലെ ഫയലുകള്‍ക്കിടയില്‍ നിന്നും 1,300/- രൂപയും, പത്തനംതിട്ട ജില്ലയിലെ അടൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഫയലുകള്‍ക്കിടയില്‍ നിന്നും 5,150/- രൂപയും വിജിലന്‍സ് പിടിച്ചെടുത്തു.

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര സബ് രജിസ്ട്രാര്‍ ഓഫീസിലെ ഓഫീസ് അറ്റന്‍ഡറുടെ അക്കൗണ്ടിലെ ഏതാനും ആഴ്ചകളിലെ ബാങ്ക് ഇടപാടുകള്‍ വിജിലന്‍സ് പരിശോധിച്ചപ്പോള്‍ ഏകദേശം 15,000/-രൂപയോളവും, സീനിയര്‍ ക്ലര്‍ക്കിന്റെ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ 10,000/- രൂപയോളവും നെയ്യാറ്റിന്‍കരയിലെ വിവിധ ആധാരമെഴുത്തുകാരുടെ അക്കൗണ്ടില്‍ നിന്നും ഗൂഗിള്‍ പേ ആയി ലഭിച്ചിട്ടുള്ളതായി വിജിലന്‍സ് കണ്ടെത്തി.

കോട്ടയം ജില്ലയിലെ വൈക്കം സബ് രജിസ്ട്രാര്‍ ഓഫീസിലെ ഫയലുകള്‍ പ്രാഥമിക പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ ഒരു ഫയലില്‍ ഫീസായി സര്‍ക്കാരിലേക്ക് അടക്കേണ്ട 6,296/- രൂപക്ക് പകരം വെറും 610/- രൂപ മാത്രം ഈടാക്കിയതായും വിജിലന്‍സ് കണ്ടെത്തി. ചില സബ് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഓരോ ദിവസവും ജോലിയില്‍ പ്രവേശിക്കുമ്പോള്‍ കൈവശമുള്ള തുക എഴുതേണ്ട പേഴ്‌സണല്‍ കാഷ് ഡിക്ലറേഷന്‍ രജിസ്റ്ററില്‍ യഥാര്‍ത്ഥത്തില്‍ കൈവശമുള്ള തുകയും, അന്നേദിവസം കൈക്കൂലി ലഭിക്കാന്‍ സാധ്യതയുള്ള തുകയും കൂട്ടിച്ചേര്‍ത്ത് കാഷ് ഡിക്ലറേഷന്‍ രജിസ്റ്ററില്‍ എഴുതുന്നതായും വിജിലന്‍സ് കണ്ടെത്തി. ഇപ്രകാരം തൃശ്ശൂര്‍ ജില്ലയിലെ പഴയന്നൂര്‍ സബ് രജിസ്ര്ടാര്‍ 6,500/- രൂപ രേഖപ്പെടുത്തിയിരിക്കുന്നതായും, എന്നാല്‍ അദ്ദേഹത്തിന്റെ പക്കല്‍ 1,500/- രൂപ മാത്രം ഉണ്ടായിരുന്നതായും, കോട്ടയം ജില്ലയിലെ പുതുപ്പള്ളി സബ് രജിസ്ര്ടാര്‍ ഓഫീസിലെ ഒരു ഓഫീസ് അറ്റന്‍ഡര്‍ സ്ഥിരമായി 7,000/-രൂപ കാഷ് ഡിക്ലറേഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയതായി കണ്ടെത്തിയിട്ടുള്ളതാണ്.

വെള്ളിയാഴ്ച നടത്തിയ മിന്നല്‍ പരിശോധനയില്‍ ആധാരം രജിസ്റ്റര്‍ ചെയ്ത് ഏഴുദിവസത്തിനുള്ളില്‍ കക്ഷികള്‍ക്ക് നേരിട്ട് നല്‍കുന്നതിന് പകരം ഒട്ടുമിക്ക സബ് രജിസ്ട്രാര്‍ ഓഫീസുകളിലും കക്ഷികളുടെ സമ്മതപത്രം പോലുമില്ലാതെ, ഏജന്റുമാര്‍ തന്നെ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളും, വിവിധ സര്‍ട്ടിഫിക്കറ്റുകളും കൈപ്പറ്റുന്നതായും, ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിനായി സാക്ഷികളായി സ്ഥിരമായി ആധാരമെഴുത്താഫിസുകളിലെ ജീവനക്കാര്‍ സ്ഥിരം സാക്ഷികളാകുന്നതായും വിജിലന്‍സ് കണ്ടെത്തി.

ആധാരമെഴുത്തുകാര്‍ കക്ഷികളില്‍ നിന്നും വാങ്ങുന്ന ഫീസ് രസീതുകള്‍ ആധാരത്തോടൊപ്പം ഹാജരാക്കണമെന്ന നിബന്ധന പല സബ് രജിസ്ട്രാര്‍ ഓഫീസുകളിലും സബ് രജിസ്ട്രാര്‍മാര്‍ പാലിക്കുന്നില്ലായെന്നും വിജിലന്‍സ് കണ്ടെത്തി. മിന്നല്‍ പരിശോധനയില്‍ അപാകതകള്‍ കണ്ടെത്തിയ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ സര്‍ക്കാരിന് ലഭിക്കേണ്ട ഫീസിനത്തിലും മറ്റും സബ് രജിസ്ട്രാര്‍മാര്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ടെങ്കില്‍ അവയെപ്പറ്റിയും, ഗൂഗിള്‍ പേ ആയിട്ടും മറ്റ് ഓണ്‍ലൈന്‍ മുഖേനയും ഏജന്റ്മാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൈമാറിയിട്ടുണ്ടോ എന്നും, വരും ദിവസങ്ങളില്‍ വിശദമായി പരിശോധന നടത്തുന്നതാണെന്നും വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഐപിഎസ് അറിയിച്ചു.

പരിശോധനയില്‍ കണ്ടെത്തിയ അപാകതകളെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് തുടര്‍ നടപടികള്‍ക്കായി സര്‍ക്കാരിലേക്ക് ഉടന്‍ അയച്ചുകൊടുക്കുന്നതാണെന്നും വിജിലന്‍സ് ഡയറക്ടര്‍, മനോജ് എബ്രഹാം ഐ പി സ് അറിയിച്ചു. വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം.ഐ.പി.എസ്-ന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിജിലന്‍സ് പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ എച്ച്. വെങ്കിടേഷ്. ഐ.പി.എസ്, പോലീസ് സൂപ്രണ്ട്(ഇന്റ്) ഇ.എസ്, ബിജുമോന്‍, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (എച്ച്.ക്യു) സി. വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ സംസ്ഥാനത്തെ എല്ലാ വിജിലന്‍സ് യൂണിറ്റുകളും റേഞ്ച് ഓഫീസുകളും പങ്കെടുത്തു.

പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം. ഐ.പി.എസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

      

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.