ഗസ്സക്ക് അന്നം മുട്ടുന്നു ; അവസാന അത്താണിയായ സന്നദ്ധ സംഘടനകളും പിൻവാങ്ങുന്നു

ഗസ്സ സിറ്റി: അതിർത്തികളടച്ചും ഭക്ഷണ സ്രോതസ്സുകള്‍ ബോംബിട്ട് തകർത്തും ഇസ്രായേല്‍ കൊടുംപട്ടിണിയിലാക്കിയ ഗസ്സയിലെ ലക്ഷങ്ങള്‍ക്ക് അവസാന അത്താണിയായിരുന്ന സംഘടനകളും പിൻവാങ്ങുന്നത് സ്ഥിതി അതിഗുരുതരമാക്കുന്നു.കഴിഞ്ഞ ദിവസം മധ്യ ഗസ്സയില്‍ വേള്‍ഡ് സെൻട്രല്‍ കിച്ചൻ എന്ന സംഘടനയുടെ പ്രവർത്തകർ സഞ്ചരിച്ച വാഹനങ്ങള്‍ ബോംബിട്ടു തകർത്തതിനുപിന്നാലെ ഇവരടക്കം സംഘടനകള്‍ ഗസ്സയില്‍ സേവനം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചതാണ് ആശങ്ക ഇരട്ടിയാക്കുന്നത്. ഇസ്രായേല്‍ അനുമതിയോടെ കടല്‍വഴി തുറന്ന താല്‍ക്കാലിക സംവിധാനവും നിലച്ചതോടെ ഇവിടെ ഭക്ഷണവുമായി എത്തിയ കപ്പലുകള്‍ തിരക്കിട്ട് മടങ്ങി. 

വടക്കൻ ഗസ്സയില്‍ ഇതോടെ ഭക്ഷ്യശൂന്യത കൂടുതല്‍ തീവ്രമാകുന്ന സ്ഥിതിയിലാണ്. തുടക്കം മുതല്‍ ഗസ്സയില്‍ ഭക്ഷണ വിതരണം നിർവഹിച്ചിരുന്ന യു.എൻ അഭയാർഥി ഏജൻസിക്ക് പലയിടത്തും വിലക്കേർപ്പെടുത്തി പകപോക്കുന്നതും ഇസ്രായേല്‍ തുടരുകയാണ്. മധ്യ ഗസ്സയിലെ ദെയ്ർ അല്‍ബലഹില്‍ അബദ്ധത്തില്‍ സംഭവിച്ചതാണ് ആക്രമണമെന്ന് ഇസ്രായേല്‍ പറയുന്നുണ്ടെങ്കിലും ‘യുദ്ധമെന്ന പുകക്കിടെ ഉണ്ടായ നിർഭാഗ്യകരമായ അബദ്ധ’മായി ഇതിനെ കാണാനാകില്ലെന്ന് വേള്‍ഡ് സെൻട്രല്‍ കിച്ചൻ സ്ഥാപകൻ ജോസ് ആൻഡ്രെ കുറ്റപ്പെടുത്തി. ഇവർ സഞ്ചരിച്ച മൂന്നു വാഹനങ്ങളാണ് ഒന്നിനു പിറകെ ഒന്നായി ഇസ്രായേല്‍ ബോംബുകള്‍ ചാരമാക്കിയത്. മൂന്നു ബ്രിട്ടീഷുകാരടക്കം ആറു വിദേശികളും ഒരു ഫലസ്തീനിയും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. കാറുകളുടെ യാത്രയെക്കുറിച്ചും വഴികളും കൃത്യമായി ഇസ്രായേല്‍ സൈന്യവുമായി ബന്ധപ്പെട്ട് ഉറപ്പിച്ചതായിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വലിയ അകലം പാലിച്ച്‌ സഞ്ചരിച്ചിട്ടും മൂന്നു വാഹനങ്ങളും തരിപ്പണമാക്കി. വാഹനങ്ങള്‍ക്ക് മുകളിലും മറ്റിടങ്ങളിലും ലോഗോയും എഴുത്തുമുണ്ടായിട്ടും നിരീക്ഷണത്തില്‍ പതിഞ്ഞില്ലെന്ന് പറയുന്നത് ബോധപൂർവമായ ആക്രമണമെന്നത് ഉറപ്പു നല്‍കുന്നു. കുരുതിയെ രൂക്ഷഭാഷയില്‍ വിമർശിച്ച്‌ ലോകരാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. സ്ഥിതി അസഹനീയമായി മാറുകയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ അറിയിച്ചു. ഗസ്സയില്‍ ജീവകാരുണ്യ പ്രവർത്തനത്തിനിടെ സന്നദ്ധ പ്രവർത്തകരെ കൊലപ്പെടുത്തിയതിനെ ഫ്രാൻസിസ് മാർപാപ്പയും അപലപിച്ചു. ആക്രമണത്തില്‍ പോളണ്ടിലെ പ്രോസിക്യൂട്ടർമാർ സ്വതന്ത്ര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

അതേസമയം, മറ്റുവഴികള്‍ അടഞ്ഞിട്ടും ഗസ്സയില്‍ ഭക്ഷ്യ വിതരണം ഇസ്രായേല്‍ മുടക്കുകയാണെന്ന് യു.എൻ അഭയാർഥി ഏജൻസി കുറ്റപ്പെടുത്തി. പട്ടിണിയും വിശപ്പും സർവവ്യാപിയായിട്ടും ഇവർക്ക് ആവശ്യമായ സഹായ ട്രക്കുകള്‍ കടത്തിവിടാൻ ഇസ്രായേല്‍ സൈന്യംവിസമ്മതിക്കുകയാണ്. 500 ട്രക്കുകള്‍ ശരാശരി പ്രതിദിനം വേണ്ടിടത്ത് 161 ട്രക്കുകളാണ് അതിർത്തി കടക്കുന്നതെന്ന് സംഘടന അറിയിച്ചു. ഏറ്റവും പ്രായംകുറഞ്ഞ കുഞ്ഞുങ്ങളടക്കം പട്ടിണി കിടക്കുകയാണെന്നും രണ്ടു വയസ്സില്‍ താഴെയുള്ള 30 ശതമാനം കുരുന്നുകളും പോഷകക്കുറവ് അനുഭവിക്കുന്നുവെന്നും ലോക ഭക്ഷ്യ പ്രോഗ്രാം സംഘടന എക്സില്‍ കുറിച്ചു. ഗസ്സയില്‍ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരെ ഭീതിയുടെ മുനയില്‍നിർത്തി പിന്മാറാൻ നിർബന്ധിക്കുകയാണ് ഇസ്രായേലെന്ന് ഹമാസ് കുറ്റപ്പെടുത്തി.

Hot Topics

Related Articles