വിഴിഞ്ഞത്ത് സമരം കലാപമായി ; പൊലീസ് സ്റ്റേഷൻ ആക്രമിച്ച് സമരക്കാർ : എസ് ഐ യുടെ കാലൊടിച്ചു : വിഴിഞ്ഞത്ത് ഏഴ് ദിവസം മദ്യ നിരോധനം : ഒന്നാംപ്രതി ആർച്ച് ബിഷപ്പ് 

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരസമിതിയുടെ സമരം തെരുവ്യുദ്ധമായി മാറി. സമരക്കാര്‍ വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ അടിച്ചു തകര്‍ത്തു.  എസ്ഐ അടക്കം 36 പോലീസുകാര്‍ക്കു പരിക്ക്. പോലീസ് പലതവണ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. 

സ്റ്റേഷന്‍ പരിസരത്തെ നിരവധി വാഹനങ്ങള്‍ തകര്‍ത്തു.  സര്‍ക്കാര്‍ വിഴിഞ്ഞം പോലീസിനെക്കൊണ്ടു കള്ളക്കേസുകളെടുപ്പിച്ചെന്ന് ആരോപിച്ചും അറസ്റ്റു ചെയ്ത അഞ്ചു പേരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടുമാണ് തീരവാസികള്‍ സ്റ്റേഷന്‍ വളഞ്ഞത്. അടിച്ചു കാലൊടിച്ച എസ്ഐ ലിജോ പി മണിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കസ്റ്റഡിയിലെടുത്ത അഞ്ചു പേരുടെ അറസ്റ്റു രേഖപ്പെടുത്തിയെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍ അറിയിച്ചു. വിഴിഞ്ഞത്തു കനത്ത പൊലീസ് സന്നാഹം ഏർപ്പെടുത്തി.  സമീപ ജില്ലകളില്‍നിന്നും പൊലീസിനെ എത്തിച്ചിട്ടുണ്ട്. എസ്പിമാര്‍ക്കും ഡിവൈഎസ്പിമാര്‍ക്കുമാണു ക്രമസമാധാന ചുമതല. സ്ഥലത്തെത്തിയ ജില്ലാ കളക്ടര്‍ സമരസമിതി നേതാക്കളുമായി അനുരഞ്ജന ചര്‍ച്ച നടത്തി. സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര പറഞ്ഞു. സമരക്കാരുമായി കൂടിയാലോചന നടത്തിയശേഷം ഇന്നു രാവിലെ വീണ്ടും കളക്ടറുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ആർച്ച് ബിഷപ്പിന് എതിരെ കേസ്

വിഴിഞ്ഞം സംഘര്‍ഷത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്. ഗൂഢാലോചന അടക്കമുള്ള കേസുകള്‍ ചുമത്തി. സമരക്കാരേയും നേതൃത്വം നല്‍കുന്ന അതിരൂപതയേയും കേസുകളില്‍ കുടുക്കി സമ്മര്‍ദത്തിലാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. സമരത്തിലൂടെ തുറമുഖപദ്ധതിക്കുണ്ടായ നഷ്ടം ലത്തീന്‍ അതിരൂപതയില്‍നിന്ന് ഈടാക്കാനും നീക്കമുണ്ട്. സമരക്കാരെ നേരിടാന്‍ കേന്ദ്രസേനയെ തരാമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.

സമരം തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ ഗൂഡാലോചനയാണു വിഴിഞ്ഞത്തെ സംഘര്‍ഷവും പോലീസ് നടപടികളുമെന്ന് വികാരി ജനറല്‍ മോണ്‍ യൂജിന്‍ പെരേര ആരോപിച്ചു. സര്‍ക്കാര്‍ മനുഷ്യാവകാശ ധ്വംസനമാണ് നടത്തുന്നത്. ഇക്കാര്യത്തില്‍ സിപിഎമ്മും ബിജെപിയും ഒറ്റക്കെട്ടാണെന്നും അദ്ദേഹം ആരോപിച്ചു.

വിഴിഞ്ഞം സമരം പൊളിക്കാന്‍ സര്‍ക്കാര്‍ ഗൂഡാലോചന നടത്തിയെന്ന ആരോപണം ഗുരുതരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെയുള്ള വൈദികരെ പ്രതികളാക്കി പൊലീസ് കേസെടുത്തത് അംഗീകരിക്കാനാകില്ല. വിഴിഞ്ഞത്തുണ്ടായ സംഘര്‍ഷം സര്‍ക്കാരിന്റെ ആസൂത്രിത നീക്കമാണെന്ന ലത്തീന്‍ അതിരൂപതയുടെ ആരോപണം അന്വേഷിക്കണം. അദാനിക്കുവേണ്ടി എല്‍ഡിഎഫ് സര്‍ക്കാര്‍ എന്തും ചെയ്യുമെന്ന നിലയിലേക്ക് അധ:പതിച്ചെന്ന് സതീശന്‍ പറഞ്ഞു.

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരത്തില്‍ സര്‍ക്കാരിനും പൊലീസിനും എതിരെ കെസിബിസി.  കേസുകള്‍ പിന്‍വലിക്കണമെന്ന് കെസിബിസി പ്രസിഡന്റ് മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു. ചര്‍ച്ചയിലൂടെ പ്രശ്ന പരിഹാരമുണ്ടാക്കണമെന്ന് കേരള കാത്തലിക്‌സ് ബിഷപ്പ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. വിഴിഞ്ഞം സമരത്തെ പ്രതികാര നടപടികളിലൂടെ ഇല്ലാതാക്കാമെന്നു സര്‍ക്കാര്‍ കരുതരുതെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ. സര്‍ക്കാര്‍ ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിഴിഞ്ഞം പ്രദേശത്തു മദ്യവില്‍പ്പന ശാലകളുടെ പ്രവര്‍ത്തനം ഏഴു ദിവസത്തേക്കു നിരോധിച്ചു. 

ഡിസംബര്‍ നാലു വരെ മദ്യം നിരോധിച്ചതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. വിഴിഞ്ഞത്തെ കലാപത്തിനു കാരണം സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. വേണ്ടത്ര പോലീസിനെ നിയോഗിച്ച് സമരക്കാരെ നേരിടാതെ സര്‍ക്കാര്‍ ഒത്താശ ചെയ്തെന്നാണു സുരേന്ദ്രന്റെ ആരോപണം.

Hot Topics

Related Articles