റൂർക്കേല :പെനാൽറ്റി ഷൂട്ടൗട്ടും കടന്ന് സഡൻഡെത്തിലേക്ക് എത്തിയ ക്രോസ് ഓവർ മത്സരത്തിൽ ന്യൂസിലാൻഡിനോട് തോറ്റ് ആതിഥേയരായ ഇന്ത്യ ലോകകപ്പ് ഹോക്കിയിൽ നിന്ന് ക്വാർട്ടർ ഫൈനൽ കാണാതെ പുറത്തായി.
നിശ്ചിത സമയത്ത് 3-3ന് സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ ഷൂട്ടൗട്ടിലെ ആദ്യ അഞ്ച് കിക്കുകളിലും 3-3ന് സമനിലപാലിച്ചതോടെ നടന്ന സഡൻ ഡെത്തിൽ 5-4നായിരുന്നു കിവീസിന്റെ ജയം. ഷൂട്ടൗട്ടിനിടെ മലയാളി ഗോൾ കീപ്പർ ശ്രീജേഷിന് പരിക്കേറ്റതും ഇന്ത്യയ്ക്ക് തിരിച്ചടിയായി.
ക്വാർട്ടറിലെത്താൻ വിജയം അനിവാര്യമായിരുന്ന മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ച് കളിക്കാനാണ് ഇന്ത്യ തീരുമാനിച്ചത്. 12-ാം മിനിട്ടിൽ ഇന്ത്യയ്ക്ക് അനുകൂലമായി ആദ്യത്തെ പെനാൽറ്റി കോർണർ ലഭിച്ചെങ്കിലും ന്യൂസിലാൻഡ് ഗോളി അത് സേവുചെയ്തു.
രണ്ടാം കോർണറിന്റെ തുടക്കം കിവീസിന്റെ ഒരു ശ്രമത്തോടെയായിരുന്നു. എന്നാൽ കിംഗ്സ്റ്റണിന്റെ ഷോട്ട് പുറത്തേക്കാണ് പോയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പക്ഷേ തൊട്ടുപിന്നാലെ ഇന്ത്യ ആദ്യ ഗോൾ നേടി. ഒരു കൗണ്ടർ അറ്റാക്കിൽ നിന്ന് ആകാശ്ദീപ് സിംഗ് നൽകിയ പാസാണ് ലളിത് കുമാർ ആദ്യ ഗോളാക്കിയത്. തൊട്ടുപിന്നാലെ കിവീസിന്റെ ഒരു ഗോൾശ്രമം ഇന്ത്യൻ പ്രതിരോധം തടുക്കുകയും ചെയ്തു. 24-ാം മിനിട്ടിൽ ഇന്ത്യ രണ്ടാം ഗോളും നേടി.
ഇന്ത്യയുടെ ഒരു ശ്രമം തടുത്ത കിവീസിന് പെനാൽറ്റി കോർണർ വഴങ്ങേണ്ടിവന്നു. ഈ കോർണറിൽ നിന്നാണ് സുഖ്ജീത് സിംഗ് സ്‌കോർ ചെയ്തത്. 28-ാം മിനിട്ടിൽ ഫിൻലേയ്,ചിൽഡ്,ലേൻ എന്നിവർ കൂട്ടായി നടത്തിയ മുന്നേറ്റത്തിൽ നിന്നാണ് കിവീസ് ഒരു ഗോൾ തിരിച്ചടിച്ചത്. 2-1 എന്ന നിലയിലെ ഇന്ത്യയുടെ ലീഡിലാണ് രണ്ടാം ക്വാർട്ടർ അവസാനിച്ചത്.40-ാംമിനിട്ടിൽ വരുണിലൂടെ ഇന്ത്യ മൂന്നാം ഗോളും നേടി. 44-ാം മിനിട്ടിൽ ഇന്ത്യൻ ഗോളി ശ്രീജേഷിനെ മറികടന്ന് റസൽ കിവികളുടെ രണ്ടാം ഗോൾ നേടി.മൂന്നാം ക്വാർട്ടർ അവസാനിക്കുമ്‌ബോഴും 3-2ന് ഇന്ത്യയ്ക്ക് ലീഡായിരുന്നു. നാലാം ക്വാർട്ടറിൽ ഒരു ഗോൾ കൂടി കിവീസ് നേടിയതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് പോയത്. 50-ാം മിനിട്ടിൽ ഫിൻലേയാണ് സ്‌കോർ ചെയ്തത്.