ന്യൂഡൽഹി:ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇന്ന് 140 വയസ്. സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിയിൽ നിന്ന പാർട്ടിക്ക് ചരിത്രം നൽകുന്നത് അഭിമാനകരമായ പൈതൃകമാണെങ്കിൽ, വർത്തമാനകാലം മുന്നോട്ടുവയ്ക്കുന്നത് കടുത്ത രാഷ്ട്രീയ വെല്ലുവിളികളാണ്.1885 ഡിസംബർ 28-ന് മുംബൈയിലെ ഗോകുൽദാസ് തേജ്പാൽ കോളേജിൽ ആരംഭിച്ച ചെറിയ കൂട്ടായ്മ, പിന്നീട് ഇന്ത്യൻ ജനാധിപത്യ ചരിത്രം തന്നെ തിരുത്തിക്കുറിച്ച വടവൃക്ഷമായി വളർന്നു. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചതിൽ മാത്രം ഒതുങ്ങിയില്ല കോൺഗ്രസിന്റെ പങ്ക്. ദാരിദ്ര്യത്തിൽ ആയിരുന്ന രാജ്യം ആണവശക്തിയാക്കി മാറ്റുകയും, ഐടി മേഖലയിലെ ആഗോള ശക്തിയായി ഉയർത്തുകയും ചെയ്തത് കോൺഗ്രസ് ഭരണകാലത്തിന്റെ നേട്ടങ്ങളിലൊന്നാണ്.
മതേതരത്വം ഭരണഘടനയുടെ അടിസ്ഥാനം ആക്കിയത്, തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം തുടങ്ങിയ വിപ്ലവകരമായ നടപടികൾ നടപ്പാക്കിയതും കോൺഗ്രസിന്റെ ചരിത്രത്തിലെ തിളക്കമുള്ള അധ്യായങ്ങളാണ്. എല്ലാം കൊണ്ടും ചരിത്രം കോൺഗ്രസിന് അനുകൂലമായിരുന്നു.എന്നാൽ വർത്തമാനകാലം പാർട്ടിക്ക് ദുർഘടമേറിയതാണ്. 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം പ്രതാപം വീണ്ടെടുക്കാൻ കോൺഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സംഘടനാ ദൗർബല്യം, ആശയവിനിമയത്തിലെ പോരായ്മകൾ, മുതിർന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്ക് എന്നിവ പാർട്ടിയെ ദുർബലമാക്കി. ഹിന്ദി ഹൃദയഭൂമിയിൽ സ്വാധീനം നഷ്ടപ്പെട്ടത് തിരിച്ചടിയുടെ ആഘാതം വർധിപ്പിച്ചു. ഇതിനെ ഇതിനെല്ലാമിടയിലും പാൻ–ഇന്ത്യൻ പ്രതിപക്ഷ പാർട്ടി എന്ന നില കോൺഗ്രസിനാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭാരത് ജോഡോ യാത്രകളും ഭാരത് ജോഡോ ന്യായ് യാത്രയും പാർട്ടിക്ക് പുതിയ ഊർജ്ജം പകർന്നു. ദക്ഷിണേന്ത്യയിൽ ശക്തമായ സാന്നിധ്യം നിലനിൽക്കുന്നതും ആത്മവിശ്വാസം നൽകുന്ന ഘടകമാണ്.ബിജെപിയുടെ ഹിന്ദുത്വ അജണ്ടയ്ക്കെതിരെ മതേതരത്വത്തെ ബദൽ രാഷ്ട്രീയമായി ഉയർത്താൻ കോൺഗ്രസിനേ കഴിയൂ എന്ന വിശ്വാസത്തിലാണ് ഇന്ത്യ സഖ്യം. എന്നാൽ 140-ാം വയസ്സിൽ പാർട്ടി നേരിടുന്ന വെല്ലുവിളികൾ ചെറുതല്ല. താഴെത്തട്ടിലെ സംഘടനാ സംവിധാനം അടിമുടി പുനഃസംഘടിപ്പിക്കുക, യുവജനങ്ങളെ ആകർഷിക്കുക, നഷ്ടപ്പെട്ട വോട്ട് ബാങ്കുകൾ തിരിച്ചുപിടിക്കുക എന്നിവയാണ് മുന്നിലുള്ള പ്രധാന ദൗത്യങ്ങൾ.ചരിത്രം അനുകൂലമായ കോൺഗ്രസിന്, ഭാവി രാഷ്ട്രീയമായി തിരിച്ചുപിടിക്കാനുള്ള നിർണായക ഘട്ടത്തിലാണ് 140-ാം പിറന്നാൾ എത്തുന്നത്.


