തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ് എഫ് ഐയുടെ ആൾമാറാട്ടത്തിൽ പ്രിൻസിപ്പാൾ ജി.ജെ ഷൈജുവിനെ സസ്പെൻഡ് ചെയ്തു. സിഎസ്ഐ മാനേജ്മെൻറ് ആണ് തീരുമാനമെടുത്തത്.
കൊമേഴ്സ് വിഭാഗം അധ്യാപകനായ ഡോക്ടർ എൻ.കെ നിഷാദ് ആണ് പുതിയ പ്രിൻസിപ്പൽ . പോലീസ് അന്വേഷണം അടക്കമുള്ളവ നടക്കുന്നതിനിടയിലാണ് ജി ജെ ഷൈജുവിനെ പ്രിൻസിപ്പൾ സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡിസംബർ 12-ന് നടന്ന കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ (യുയുസി) സ്ഥാനത്തേക്ക് എസ്എഫ്ഐ പാനലിൽ നിന്ന് ജയിച്ച അനഘ എന്ന വിദ്യാർത്ഥിക്ക് പകരം കോളേജിലെ ഒന്നാം വർഷ ബിഎസ്സി വിദ്യാർത്ഥി എ.വിശാഖിന്റെ പേരാണ് സർവകലാശാലയിലേക്ക് നൽകിയ യുയുസിമാരുടെ ലിസ്റ്റിലുള്ളത്.
അനഘ, ആരോമൽ എന്നിവരാണ് യുയുസികളായി ജയിച്ചത്. അനഘയ്ക്ക് പകരമായി പേര് ചേർത്തിരിക്കുന്ന വിശാഖ് എസ്എഫ്ഐ കാട്ടാക്കട ഏരിയാ സെക്രട്ടറിയാണെന്നാണ് വിവരം. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിശാഖ് മത്സരിച്ചിട്ടില്ല.
വിശാഖിനെ കേരള സർവകലാശാലാ യൂണിയൻ നേതൃത്വത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ തിരഞ്ഞെടുപ്പ് ഫലത്തിൽ കൃത്രിമം കാണിച്ചതെന്നാണ് ആരോപണം. 26-ന് ആണ് സർവകലാശാല യൂണിയൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്.
കോളേജുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യുയുസികളിൽ നിന്നാണ് സർവകലാശാല യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. അതേസമയം, യുയുസി ആയി ജയിച്ച പെൺകുട്ടി രാജിസന്നദ്ധത അറിയിച്ചതുകൊണ്ടാണു മറ്റൊരാളെ നിർദേശിച്ചതെന്നു കോളജ് പ്രിൻസിപ്പൽ പറഞ്ഞിരുന്നത്.