കോട്ടയം : ജില്ല ജനറൽ ആശുപത്രിയിൽ രോഗികളെ വലച്ച് ഒ.പിയ്ക്ക് പൂട്ട്. വിവിധ വിഭാഗം രോഗികൾ ചികിത്സ തേടി എത്തുന്ന ജനറൽ ഒ.പി ഒരു മാസമായി പൂട്ടി കിടക്കുകയാണ്. ആശുപത്രിയിലെ ചെസ്റ്റ് ഒ.പിയും ഓർത്തോ ഒ.പിയും ഇന്ന് പ്രവർത്തിക്കുന്നില്ല. ചെസ്റ്റ് ഓ പി യാകട്ടെ കഴിഞ്ഞ രണ്ടാഴ്ചയായി പ്രവർത്തിക്കുന്നത് പോലുമില്ല. ചെസ്റ്റ് ഒപിയിൽ ഡോക്ടറും നഴ്സുമാരും അടക്കമുള്ളവർ ജൂൺ 12 വരെ ലീവാണ്. ഈ സാഹചര്യത്തിൽ ഈ ഒ പി 12 വരെ പ്രവർത്തിക്കില്ലന്ന് ഉറപ്പായി. ഈ സാഹചര്യത്തിൽ നൂറ് കണക്കിന് രോഗികളാണ് ആശുപത്രിയിൽ എത്തി മതിയായ ചികിത്സ ലഭിക്കാതെ മടങ്ങി പോകുന്നത്.
ജില്ലാ ജനറൽ ആശുപത്രിയിൽ തിങ്കൾ വ്യാഴം ദിവസങ്ങളിൽ ഓർത്തോ ഒ.പിയും , ചൊവ്വാ വെള്ളി ദിവസങ്ങളിൽ സർജറി ഒ പി യും ബുധൻ വെള്ളി ദിവസങ്ങളിൽ ഇ.എൻ.ടി. ഒപിയും പ്രവർത്തിക്കാറില്ല. ഈ ദിവസങ്ങളിൽ ഈ വിഭാഗത്തിൽ ചികിത്സ തേടി എത്തുന്ന രോഗികളെ ജനറൽ ഒ.പിയിലേയ്ക്ക് അയക്കുകയാണ് പതിവ്. എന്നാൽ , കഴിഞ്ഞ ഒരു മാസമായി ജനറൽ ഒ.പി പ്രവർത്തിക്കാത്തതിനാൽ രോഗികളും ജീവനക്കാരും ഒരു പോലെ വലയുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത്തരത്തിൽ എത്തുന്ന രോഗികളെ ഇപ്പോൾ മെഡിക്കൽ ഒ.പിയിലേയ്ക്കാണ് അയക്കുന്നത്. 200 രോഗികളെ വരെയാണ് ഒരു ദിവസം പരിശോധിക്കുന്നത്. ഇത് അക്ഷരാർത്ഥത്തിൽ രോഗികൾക്കും ജീവനക്കാർക്കും ദുരിതമായി മാറിയിട്ടുണ്ട്. നെഞ്ച് വേദനയും ശ്വാസം മുട്ടലും മൂലം എത്തുന്ന രോഗികളെ ചെസ്റ്റ് ഓപിയിൽ പരിശോധിക്കാതെ മെഡിക്കൽ ഒ.പിയിലേയ്ക്ക് അയക്കേണ്ടി വരുന്നതും തിരക്ക് വർദ്ധിപ്പിക്കുന്നു. ഇത് കൂടാതെയാണ് ,
മറ്റു പല ശാരീരിക അസ്വസ്ഥതകളും പൂച്ച മാന്തിയത് അടക്കമുള്ള പ്രശ്നങ്ങളുമായി എത്തുന്ന രോഗികളെ ജനറൽ ഒ പി ഇല്ലാത്തതിനാൽ മെഡിക്കൽ ഓപിയിലേക്ക് അയക്കേണ്ടിവരുന്നത്. ഇതും മെഡിക്കൽ ഒ പിയിലെ തിരക്ക് വർദ്ധിപ്പിക്കുന്നു.
ഇന്ന് രാവിലെ ആശുപത്രിയിൽ എത്തിയ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതോടെ ഒ.പി ടിക്കറ്റ് നൽകുന്നത് നിയന്ത്രിക്കാൻ നിർദേശം ഉണ്ടായി. എന്നാൽ , രോഗികൾ ബഹളം ഉണ്ടാക്കിയതോടെ മറ്റ് ഒ.പികളിലേയ്ക്ക് രോഗികളെ വീതം വച്ച് നൽകുന്ന സ്ഥിതിയുണ്ടായി. ഇത് അക്ഷരാർത്ഥത്തിൽ രോഗികൾക്ക് കൃത്യമായ ചികിത്സ ലഭിക്കാത്ത സാഹചര്യത്തിന് വഴി വയ്ക്കും. നെഞ്ച് വേദനയുമായി എത്തുന്ന രോഗിയെ സർജറി വിഭാഗത്തിലെ ഡോക്ടർ പരിശോധിക്കേണ്ടതായി വരുന്നത് , രോഗിയ്ക്കും ഡോക്ടർക്കും ഒരു പോലെ ബുദ്ധിമുട്ട് സൃഷ്ടിക്കും. ഇതും ആശുപത്രിയിൽ തർക്കങ്ങൾക്ക് ഇടയാക്കുന്നുണ്ട്.