അഡ്വ. സാജന്‍ കുന്നത്ത് എല്‍.ഡി.എഫ്. കണ്‍വീനര്‍

കാഞ്ഞിരപ്പള്ളി: കേരളാ കോണ്‍ഗ്രസ് (എം) പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്‍റായ അഡ്വ. സാജന്‍ കുന്നത്തിനെ ഇടതുപക്ഷ ജനാധിപത്യമുന്നണി പൂഞ്ഞാര്‍ അസംബ്ലി നിയോജകമണ്ഡലം കണ്‍വീനറായി തെരഞ്ഞെടുത്തു.
കെ.എസ്.സി.(എം) പ്രവര്‍ത്തകനായി 1985-ല്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച സാജന്‍ കാഞ്ഞിരപ്പള്ളി സെന്‍റ് ഡോമിനിക്സ് കോളേജ് യൂണിറ്റ് പ്രസിഡന്‍റ്, കെ.എസ്.സി (എം) ജില്ലാ വൈസ് പ്രസിഡന്‍റ്, സംസ്ഥാന ട്രഷറര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കെ.എസ്.സി.(എം) സംസ്ഥാന പ്രസിഡന്‍റായിരുന്ന ഇന്നത്തെ കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നയിച്ച 1400 കിലോമീറ്റര്‍ ദൂരം 1985 ഡിസംബര്‍ 1 മുതല്‍ 1996 ജനുവരി 21 വരെ പദയാത്രയായി നടത്തിയ വിമോചന യാത്രയുടെ മുഖ്യസംഘാടകരില്‍ ഒരാളായിരുന്നു.യുവജന സംഘടാപ്രവര്‍ത്തനകാലത്ത് കേരളാ യൂത്ത് ഫ്രണ്ട് (എം) നിയോജകമണ്ഡലം പ്രസിഡന്‍റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. കെ.റ്റി.യു.സി (എം) യൂണിയന്‍ സെക്രട്ടറി, കേരളാകോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച സാജന്‍ 2019 മുതല്‍ കേരളാ കോണ്‍ഗ്രസ് (എം) പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്‍റായി പ്രവര്‍ത്തിക്കുന്നു. 2021 ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.
കാഞ്ഞിരപ്പള്ളി സെന്‍റ് ഡോമിനിക്സ് കത്തീദ്രല്‍ യുവദീപ്തി സെക്രട്ടറി, പ്രസിഡന്‍റ്, കത്തീദ്രല്‍ പാരീഷ് കൗണ്‍സില്‍ മെമ്പര്‍, രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം, സെന്‍റ് ഡോമിനിക്സ് കോളേജ് ഗവേണിംഗ് കൗണ്‍സില്‍ അംഗം, സെന്‍റ് ഡോമിനിക്സ് കോളേജ് മാഗസിന്‍ എഡിറ്റര്‍, കാഞ്ഞിരപ്പള്ളി സര്‍വ്വീസ് സഹകരണബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
1999 മുതല്‍ കാഞ്ഞിരപ്പള്ളി ബാറില്‍ അഭിഭാഷകനും നോട്ടറി പബ്ലിക്കുമായി പ്രവര്‍ത്തിക്കുന്ന സാജന്‍ ബാര്‍ അസ്സോസിയേഷന്‍ സെക്രട്ടറി, പ്രസിഡന്‍റ് എന്നീ നിലകളിലും 2015-2019 വരെ കേരളാ അഡ്വക്കേറ്റ്സ് വെല്‍ഫെയര്‍ ഫണ്ട് ട്രസ്റ്റി കമ്മറ്റിയില്‍ കേരള സര്‍ക്കാരിന്‍റെ പ്രതിനിധിയായിരുന്നു. 2015-ല്‍ ആനക്കല്ലില്‍നിന്നും 2010 ല്‍ ചോറ്റി ഡിവിഷനില്‍നിന്നും ബ്ലോക്ക് പഞ്ചായത്തംഗമായിരുന്ന സാജന്‍ നിലവില്‍ ചോറ്റി ഡിവിഷൻ ബ്ലോക്ക് പഞ്ചായത്തംഗം, കാഞ്ഞിരപ്പള്ളി സഹകരണ കാര്‍ഷിക വികസന ബാങ്ക് വൈസ് പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

Advertisements

Hot Topics

Related Articles