കോട്ടയം: തോട്ടയ്ക്കാട് കത്തിയത് മല്ലപ്പള്ളിയിൽ നിന്നും എറണാകുളത്തിനു കാലി ഗ്യാസ് സിലണ്ടറുമായ പോയ ലോറി. മല്ലപ്പള്ളി വാഴക്കാലാ ഏജൻസീസിന്റെ ഉടമസ്ഥതയിലുള്ള ലോറിയാണ് കത്തി നശിച്ചത്. അപകടത്തിൽ ലോറി ഡ്രൈവർ മനോജിന് നിസാര പരിക്കേറ്റു. ലോറിയുടെ ക്യാബിൻ ഏതാണ്ട് പൂർണമായും കത്തി നശിച്ചു. തീ പൂർണമായും നിയന്ത്രണ വിധേയമാക്കി. എന്നാൽ, ലോറിയിൽ നിന്നും ഗ്യാസ് ലീക്ക് ചെയ്യുന്നത് അപകട സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്.
അപകടത്തിന്റെ ദൃക്‌സാക്ഷിയായ തോട്ടയ്ക്കാട് അമ്പലക്കവല ജംഗ്ഷനിലെ ഓട്ടോഡ്രൈവർ ജാഗ്രതാ ന്യൂസ് ലൈവിന് വേണ്ടി കണ്ട കാഴ്ചകൾ റിപ്പോർട്ട് ചെയ്യുന്നു.. .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മല്ലപ്പള്ളിയിൽ നിന്നും കറുകച്ചാൽ വഴി പുതുപ്പള്ളി റോഡിൽ കയറി എറണാകുളം ഭാഗത്തേയ്ക്കു പോകുന്നതിനായാണ് ഗ്യാസ് സിലിണ്ടറുമായി ലോറി എത്തിയത്. ഈ സമയം ഞാൻ അമ്പലക്കവല ഭാഗത്തേയ്ക്ക് ഓട്ടോറിക്ഷയുമായി വരികയായിരുന്നു. ജംഗ്ഷനു മുൻപ് പൊലീസ് സംഘം ഓട്ടോറിക്ഷ തടഞ്ഞു. സംഭവം അന്വേഷിച്ചപ്പോഴാണ് ലോറി നിന്നു കത്തുന്ന വിവരം അറിഞ്ഞത്. ഉടൻ തന്നെ ഞാൻ സ്ഥലത്ത് എത്തി. ഇതോടെയാണ് അഗ്നിരക്ഷാ സേനയും പൊലീസ് സംഘവും രക്ഷാപ്രവർത്തനം നടത്തുന്നത് കണ്ടത്. ഇതോടെ രക്ഷാപ്രവർത്തനത്തിൽ ഞങ്ങൾ ഓട്ടോഡ്രൈവർമാരും കൂടി.
അപകടം സംബന്ധിച്ചു ലോറി ഡ്രൈവർ മനോജ് ഞങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്. മല്ലപ്പള്ളിയിൽ നിന്നും ലോറിയുമായി വരുന്നതിനിടെ അമ്പലക്കവല ജംഗ്ഷനിൽ ലോറി നിന്നു പോകുകയായിരുന്നു. പിന്നീട്, ലോറി സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് എടുക്കാൻ ശ്രമിക്കുന്നതിനിടെ ലോറിയുടെ അടിയിൽ നിന്നും തീയും പുകയും ഉയരുന്നതായി കണ്ടെത്തി. ഇതോടെ താൻ ലോറിയിൽ നിന്നും ചാടിരക്ഷപെടുകയായിരുന്നുവെന്ന് ഡ്രൈവർ മനോജ് പറയുന്നു.
സംഭവം കണ്ട് ഇവിടെയുണ്ടായിരുന്ന എന്റെ സുഹൃത്തുക്കളായ ഓട്ടോഡ്രൈവർമാരും ഒപ്പം കൂടി. ഞങ്ങൾ രക്ഷാപ്രവർത്തനം തുടങ്ങിയപ്പോഴേയ്ക്കും പൊലീസും അഗ്്‌നിരക്ഷാ സേനാ സംഘവും സ്ഥലത്ത് എത്തി. അഗ്നിരക്ഷാ സേനാ സംഘം അരമണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തെ തുടർന്ന് ഇവിടെ റോഡ് പൂർണമായും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
അപകട സാധ്യത കണക്കിലെടുത്ത് ഇവിടെ പൊലീസ് സംഘവും കാവൽ നിൽക്കുന്നുണ്ട്. ലോറിയുടെ രണ്ട് ടയറുകളും പൂർണമായും കത്തിയതിനാൽ വാഹനം റോഡിൽ നിന്നും മാറ്റുന്നതും പ്രായോഗികമല്ല. ഇതിനിടെ ഗ്യാസ് ലീക്ക് ചെയ്യുന്നത് അപകട സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്. തീ കെടുത്തിയ ശേഷം ലോറിയിൽ കയറുന്നതിനിടെയാണ് ലോറി ഡ്രൈവർക്ക് നിസാര പരിക്കേറ്റത്. ഇപ്പോഴും പ്രദേശത്ത് രക്ഷാ പ്രവർത്തനം തുടരുകയാണ്.