തിരുവനന്തപുരം : ആലപ്പുഴയിൽ അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗം സ്ഥിരീകരിച്ച് 15 വയസുകാരൻ മരിച്ചു. പാണാവള്ളി കിഴക്കേ മായിത്തറ അനിൽ കുമാറിന്റെയും ശാലിനിയുടെയും മകൻ ഗുരുദത്ത് (15) ആണ് മരിച്ചത്. കഴിഞ്ഞ ഞായർ മുതൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തോട്ടിൽ കുളിച്ചതിനെ തുടർന്നാണ് രോഗമുണ്ടായതെന്നാണ് വിവരം. അതേസമയം, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടരില്ലെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
വെള്ളത്തിൽ ജീവിക്കുന്ന അമീബ രോഗാണുവാണ് രോഗം പരത്തുന്നത്. പരാദ സ്വഭാവമില്ലാതെ ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തിൽപ്പെടുന്ന രോഗാണുക്കൾ നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന എൻസെഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു. പനി, തലവേദന, ഛർദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മലിനമായ വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും രോഗം വരുവാൻ കാരണ മാകുന്നതിനാൽ അത് പൂർണ്ണമായും ഒഴിവാക്കുക. മഴ തുടങ്ങുമ്പോൾ ഉറവ എടുക്കുന്ന നീർചാലുകളിൽ കുളിക്കുന്നതും ഒഴിവാക്കുക. മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഡിഎംഒ അറിയിച്ചു.