കോട്ടയം: എംസി റോഡിൽ കോട്ടയം നീലിമംഗലം സംക്രാന്തിയിൽ കാൽനടയാത്രക്കാരൻ ദാരുണമായി കൊല്ലപ്പെട്ടത് പച്ചക്കറി ലോറിയിൽ നിന്നും റോഡിലേയ്ക്കു നീണ്ടു നിന്ന കയർ കാലിൽ കുരുങ്ങി. ലോറിയിൽ നിന്നും പുറത്തേയ്ക്കു കിടന്ന കയർ കാലിൽ കുരുങ്ങി വലിച്ചിഴച്ചു കൊണ്ടു പോയതോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ സംക്രാന്തി ഡ്രൈക്ലീനിംങ് കടയിലെ ജീവനക്കാരൻ മുരളി (55)യാണ് മരിച്ചതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. സമാന രീതിയിൽ റോഡിലേയ്ക്കു നീണ്ടു നിന്ന കയർ കുരുങ്ങി നീലിമംഗലം പെരുമ്പായിക്കാട് സ്വദേശികളും ബൈക്ക് യാത്രക്കാരുമായ ദമ്പതകൾക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പെരുമ്പായിക്കാട് ഇളയിടത്ത് ബിജു (50), ജോബി (45) എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെ 5.45 നായിരുന്നു അപകടം. ഏറ്റുമാനൂർ ഭാഗത്തു നിന്നും പച്ചക്കറിയുമായി എത്തിയ ലോറിയാണ് അപകടത്തിന് ഇടയാക്കിയത്. ലോറിയിൽ നിന്നും കെട്ടഴിഞ്ഞ് റോഡിലേയ്ക്കു കിടക്കുകയായിരുന്നു. ഈ കെട്ടിൽ ഉടക്കിയാണ് അപകടം ഉണ്ടായത്. ലോറിയിൽ നിന്നും വീണു കിടന്ന കയർ ഇതുവഴി നടന്നെത്തിയ മുരളിയുടെ ശരീരത്തിൽ ഉടക്കി റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടു പോകുകയായിരുന്നു. റോഡിലേയ്ക്കു നീണ്ടു കിടന്ന കയര് ബൈക്കിൽ ഇടക്കിയാണ് ദമ്പതികൾക്ക് പരിക്കേറ്റത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏറ്റുമാനൂർ ക്ഷേത്രത്തിൽ ദർശനത്തിനായാണ് ബൈക്ക് യാത്രക്കാരായ ദമ്പതിമാർ ഇതുവഴി എത്തിയത്. ഇവർ സഞ്ചരിച്ച ബൈക്കിലും ലോറിയുടെ കയർ ഉടക്കുകയായിരുന്നു. ബിജുവിന്റെ കാലിലും, ഭാര്യയുടെ കണ്ണിനുമാണ് പരിക്കേറ്റിരിക്കുന്നത്. ഇരുവരും മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയിട്ടുണ്ട്. അപകടത്തെ തുടർന്നു ലോറി മാറ്റിയിട്ട ശേഷം കയർ എടുക്കുന്നതിനായി എത്തിയ ലോറി ഡ്രൈവറെ നാട്ടുകാർ പിടികൂടി ഗാന്ധിനഗർ പൊലീസിനു കൈമാറിയിട്ടുണ്ട്. പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.