കുറവിലങ്ങാട് : 8-ാമത് കുറവിലങ്ങാട് ബൈബിൾ കൺവെൻഷനിൽ വചനവിരുന്നിന്റെ ഒന്നാംദിനം പിന്നിട്ടു. കുറവിലങ്ങാടിന് ഇനി വചനവിരുന്നിന്റെ 4 രാപകലുകൾകൂടി. ഫാ. സേവ്യർഖാൻ വട്ടായിലിന്റെയും ഫാ. ബിനോയി കരിമരുതുങ്കലിന്റെയും നേതൃത്വത്തിൽ നടക്കുന്ന വചനവിരുന്നിൽ പങ്കെടുക്കാൻ ആയിരങ്ങളാണ് ആദ്യദിനത്തിൽ എത്തിയത്. ദേവാലയവും അങ്കണവും നിറഞ്ഞുകവിഞ്ഞതോടെ വിശ്വാസികൾ ദേവാലയത്തോടനുബന്ധിച്ച് നിർമ്മിച്ച പന്തലിലും പാരീഷ് ഹാളുകളിലും ഇരുന്നാണ് വചനം ശ്രവിച്ചത്.
കൺവൻഷൻ പാലാ രൂപത മുഖ്യവികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ ഉദ്ഘാടനം ചെയ്തു. മോൺ. ജോസഫ് തടത്തിലിന്റെ കാർമികത്വത്തിലുള്ള വിശുദ്ധ കുർബാനയെത്തുടർന്നായിരുന്നു ഉദ്ഘാടനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, അസി. വികാരി ഫാ. അഗസ്റ്റിൻ മേച്ചേരിൽ എന്നിവർ സഹകാർമികരായി. എല്ലാദിവസങ്ങളിലും വൈകുന്നേരം 4.00ന് ജപമാലയോടെയാണ് കൺവൻഷൻ ആരംഭിക്കുന്നത്. തുടർന്ന് വിശുദ്ധ കുർബാനയും വചനപ്രഘോഷണവും. 9.00ന് സമാപിക്കും. കുമ്പസാരത്തിനും കൗൺസിലിംഗിനും രാവിലെ 9.00 മുതൽ വൈകുന്നേരം 4.00 മണിവരെ അവസരമുണ്ട്.
ഇന്ന് ആഗസ്റ്റ് 31 വ്യാഴാഴ്ച വൈകുന്നേരം 4.30ന് ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ കുർബാന അർപ്പിക്കും. നാളെ സെപ്റ്റംബർ ഒന്നിന് ആദ്യവെള്ളിയാഴ്ച വൈകുന്നേരം 4.30ന് നല്ലതണ്ണി മാർത്തോമ്മാ ദയറായിലെ മാർ ജേക്കബ് മുരിക്കൻ വിശുദ്ധ കുർബാന അർപ്പിക്കും.