കോട്ടയം: സാങ്കേതിക കാരണങ്ങളാല്‍ താൽകാലികമായി പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്ന കോട്ടയത്തെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഒക്ടോബര്‍ അവസാനം പുനരാരംഭിക്കുമെന്ന് തോമസ് ചാഴികാടന്‍ എം.പിയെ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കര്‍ അറിയിച്ചു. പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിനായി കോട്ടയത്ത് പകരം പുതിയ കെട്ടിടത്തിൽ ഓഫീസ് സജ്ജീകരണങ്ങൾ ഒരുക്കുന്ന ജോലികൾ പുരോഗമിക്കുന്നതായും മന്ത്രി എംപിയെ അറിയിച്ചു.
പുതിയ കെട്ടിടത്തില്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം പ്രവര്‍ത്തക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ച് ഒക്ടോബര്‍ അവസാനത്തോടെ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം പ്രവര്‍ത്തനക്ഷമമാകുമെന്ന് മന്ത്രി എം.പിയെ അറിയിച്ചു. ഈ ആവശ്യം ഉന്നയിച്ച് തോമസ് ചാഴികാടന്‍ എംപി കേന്ദ്ര വിദേശകാര്യ മന്ത്രിയെയും, ചീഫ് പാസ്‌പോര്‍ട്ട് ഓഫീസറെയും നിരവധി തവണ നേരില്‍ കാണുകയും കത്തുകൾ നല്‍കുകയും ചെയ്തിരുന്നു. ജൂലൈ 28ന് പാര്‍ലമെന്റില്‍ റൂള്‍ 377 പ്രകാരം സബ്മിഷന്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം എംപിയെ അറിയിച്ചത്.