കോട്ടയം : വിനോദ സഞ്ചാരികൾക്ക് മണിക്കൂറിന് 400 രൂപയ്ക്ക് കായൽ കാഴ്ചകൾ ആസാദിക്കാനുള്ള അവസരം ഇല്ലാതായപോൾ നേട്ടം കൊയ്ത് സ്വകാര്യ മേഖല. കോട്ടയം ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ഉടമസ്ഥതയിലുള്ള വിനോദസഞ്ചാര ബോട്ട് അക്ഷരയുടെ സർവീസ് നിലച്ചതോടെയാണ് സ്വകാര്യ ബോട്ടുകൾ കായലിൽ കൊയ്ത്ത് ആരംഭിച്ചത്. 2009ൽ ജലഗതാഗത വകുപ്പിന് ലഭിച്ച ബോട്ടാണ് അക്ഷര. എന്നാൽ ഒരു പതിറ്റാണ്ടിൽ താഴെ മാത്രമാണ് ഈ ബോട്ട് കോട്ടയത്ത് സർവീസ് നടത്തിയത്.
2017 18 കാലഘട്ടത്തിൽ വിനോദസഞ്ചാരികളുമായി യാത്ര ചെയ്യുന്നതിനിടെ ബോട്ടിന് ഷോർട്ട് സർക്യൂട്ട് ഉണ്ടാവുകയും തുടർന്ന് ബോട്ട് കോടിമതയിൽ തിരികെ എത്തിക്കുകയുമായിരുന്നു. വർഷങ്ങളോളം സർവീസ് നടത്താതെ കിടന്ന ബോട്ട് ഉപയോഗശൂന്യമാണെന്ന് റിപ്പോർട്ട് വന്നതിനെ തുടർന്ന് ഡിപ്പാർട്ട്മെന്റ് വാലുവേഷൻ നടത്തി വിൽക്കാൻ ആയിരുന്നു തീരുമാനം. ഇതിനിടെയാണ് ബോട്ട് കൊടൂരാറ്റിൽ മുങ്ങിത്താഴാൻ തുടങ്ങിയത്. നിസ്സാരമായി പരിഹരിക്കാമായിരുന്നു ഷോർട്ട് സർക്യൂട്ടിന്റെ പേരിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അധികൃതർ ബോട്ട് സർവീസ് നിർത്തിയത് സ്വകാര്യ ബോട്ടുകളെ സഹായിക്കാൻ ആണെന്ന് അക്ഷര ബോട്ടിന്റെ സ്രാങ്ക് ലിബിൻ കെ ഐസക്ക് ആരോപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അക്ഷരയ്ക്ക് സംഭവിച്ചത് എന്ത് എന്ന് ലിബിൻ കെ ഐസക് വ്യക്തമാക്കുന്നുണ്ട്.
മണിക്കൂറിന് 400 രൂപ നിരക്കിൽ കായൽ കാഴ്ചകൾ കാണുന്നതിന് അക്ഷര ബോട്ട് യാത്രക്കാർക്ക് സൗകര്യം ഒരുക്കിയിരുന്നപ്പോൾ സ്വകാര്യ ബോട്ടുകൾ ഈടാക്കിയിരുന്നത് മൂന്ന് ഇരട്ടിയും അതിൽ അധികവും തുകയാണ്. ചില മാസങ്ങളിൽ ഒരു ലക്ഷം രൂപയോളം വരെ വരുമാനം നേടാനും അക്ഷരയ്ക്ക് കഴിഞ്ഞിരുന്നതായി പറയുന്നു. അക്ഷരയുടെ സർവീസ് നിലച്ചതോടെ സ്വകാര്യ ബോട്ടുകൾക്ക് വലിയ നേട്ടം കൈവരിക്കാനായി എന്നും ലിബിൻ ആരോപിക്കുന്നു. അക്ഷര സർവീസ് നിർത്തിയതോടെ ബോട്ടിലെ രണ്ട് താൽക്കാലിക ജീവനക്കാരെയും സ്ഥലം മാറ്റുകയും ചെയ്തിരുന്നു. അക്ഷര ബോട്ട് സർവീസ് ഇല്ലാതായതിന് പ്രധാന പങ്കു വഹിച്ചത് മുൻ ഡിറ്റിപിസി സെക്രട്ടറിയാണെന്നും ലിബിൻ ആരോപിക്കുന്നു.
പിന്നീട് രണ്ട് വർഷത്തോളം അക്ഷര ബോട്ട് സ്വകാര്യ വ്യക്തിക്ക് ദിവസം 167 രൂപ നിരക്കിൽ പാട്ടത്തിന് കൊടുത്തിരുന്നു, അക്ഷരബോട്ട് ഓടിക്കാതെ പാട്ടത്തിന് എടുത്ത സ്വകാര്യ വ്യക്തിയുടെ സ്വന്തം ബോട്ടുകളാണ് യാത്രക്കാരെ കായൽ കാഴ്ചകൾ കാണിക്കാൻ ഓടിച്ചിരുന്നത് .
അഞ്ച് വർഷത്തോളം ഓടാതെ കിടന്ന് അക്ഷര ബോട്ട് ജീർണാവസ്ഥയിലായി. എന്നാൽ ബോട്ടിന്റെ ഹള്ളിനും എഞ്ചിനും ഇപ്പോഴും തകരാർ ഒന്നും ഇല്ലെന്ന് ലിബിൻ പറയുന്നു. മഴവെള്ളം അകത്തു വീണ് കെട്ടിക്കിടന്നതിനെ തുടർന്ന് ബോട്ട് ചരിയുക മാത്രമാണ് ഉണ്ടായിരിക്കുന്നത് എന്നും ലിബിൻ പറയുന്നു.
ബോട്ട് കൊടുരാറ്റിൽ മുങ്ങിത്താഴുന്നത് തടയാൻ അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ബോട്ട് പൂർണ്ണമായും മുങ്ങിത്താഴുന്നതിന് മുമ്പ് ലേല നടപടികൾ പൂർത്തീകരിച്ചില്ലെങ്കിൽ കിട്ടാവുന്ന തുക കൂടി വകുപ്പിന് നഷ്ടമായേക്കും. മുങ്ങി കൊണ്ടിരിക്കുന്ന അക്ഷര ബോട്ടിന് സമീപത്തായി വെള്ളത്തിൽ കടന്നു കാടുകയറി നശിക്കുന്ന സ്പീഡ് ബോട്ടും കരയിൽ വിശ്രമിക്കുന്ന ശിക്കാര വള്ളവും അധികൃതരുടെ അനാസ്ഥയുടെ മറ്റുദാഹരണങ്ങളാണ്.