അമ്പലപ്പുഴയിലെ കുഞ്ചൻ നമ്പ്യാരുടെ ശിൽപ്പം തകർത്തത് സാംസ്കാരിക കേരളത്തിന് അപമാനം: സാംസ്കാരിക വകുപ്പ് മാപ്പ് പറയണം 

കോട്ടയം : അമ്പലപ്പുഴയിലെ വിഖ്യാതമായ കുഞ്ചൻ നമ്പ്യാർ ശിൽപ്പം കെട്ടിട നവീകരണത്തിൻ്റെ പേരിൽ തകർത്ത നടപടി അങ്ങേയറ്റം അപലപനീയവും സാംസ്കാരിക കേരളത്തിനാകെ അപമാനകരവുമാണെന്ന് ബാനർ സാംസ്കാരിക സമിതി സംസ്ഥാന കൺവീനർ കെ.കെ.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. 2016 ൽ കുഞ്ചൻ സ്മാരക സാംസ്കാരിക കേന്ദ്രത്തിൻ്റെ അഭ്യർത്ഥന പ്രകാരം ശിൽപ്പികളായ സി.ഹണി, അനീഷ് തകഴി എന്നിവർ ചേർന്ന്  നിർമ്മിച്ച ശിൽപ്പമാണ് പുതിയ ഭരണസമിതി പൊളിച്ചു കളഞ്ഞത്. ശിൽപ്പത്തിൻ്റെ അനാഛാദനം നിർവ്വഹിച്ചത് പ്രമുഖ നാടകാചാര്യനായ കാവാലം നാരായണപ്പണിക്കർ ആയിരുന്നു. സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഏവരും ശിൽപ്പത്തിൻ്റെ രൂപ -ഭാവ സമന്വയത്ത പ്രശംസിക്കുകയുണ്ടായി. ദു:ഖവും ആക്ഷേപഹാസ്യവും ഒരേ പോലെ പ്രതിഫലിക്കുന്ന ഭാവത്തിലായിരുന്നു ശിൽപ്പം നിർമ്മിച്ചത്. രാജാവിൻ്റെ കുതിരമാളികയിലേയ്ക്ക് കൈചൂണ്ടി നിൽക്കുന്ന രീതിയിൽ ശിൽപ്പം നിർമ്മിച്ചത്, കുഞ്ചൻ നമ്പ്യാർ രാജാവിനെപ്പോലും വിമർശിച്ച കലാകാരനായതുകൊണ്ടാണ്. 

Advertisements

കേരളത്തിൻ്റെ കാവ്യപാരമ്പര്യത്തിലെ പ്രധാന നാമമാണ് കുഞ്ചൻ നമ്പ്യാർ. പ്രാചീന കവിത്രയങ്ങളിലൊരാൾ. അദ്ദേഹത്തിൻ്റെ ശിൽപ്പം പൊളിച്ചുകളയുകയെന്നത് പൊറുക്കാനാവാത്ത തെറ്റാണ്.മൂന്നു ദിവസം മുൻപ് നടന്ന സംഭവം ശിൽപ്പികൾ അറിയുന്നത് ഇന്നു മാത്രമാണ്. ശിൽപ്പം മാറ്റി സ്ഥാപിക്കേണ്ടതുണ്ടെങ്കിൽ കേടുപാടുകൾ കൂടാതെ അത് നിർച്ചഹിക്കാനുള്ള സാങ്കേതിക വിദ്യയുണ്ടെന്നത് എല്ലാവർക്കും അറിയാവുന്നതാണ്. കുഞ്ചൻ നമ്പ്യാരുടെ ശിൽപ്പം തകർത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും, ശിൽപ്പം നിർമ്മിച്ച കലാകാരന്മാരെ കൊണ്ട് തന്നെ അത് പുനർ നിർമ്മിച്ച് ഉചിതമായ സ്ഥലത്ത് സ്ഥാപിക്കുകയും വേണം. ശിൽപ്പം തകർത്തതിൻ്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് സാംസ്കാരിക വകുപ്പ് മന്ത്രി ശിൽപ്പികളോടും സാംസ്കാരിക കേരളത്തോടും മാപ്പ് പറയണമെന്നും കെ.കെ.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

Hot Topics

Related Articles