തൃശൂര്‍ : വിദേശ വിദ്യാര്‍ഥികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഇവിടുത്തെ ഉന്നത വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താനാണ് നമ്മള് നോക്കേണ്ടത്. കോളജുകളിലും സര്‍വകലാശാലകളിലും സൗകര്യവും പഠന സംവിധാനങ്ങളും മെച്ചപ്പെടുത്തണം. ക്യാംപസ് എല്ലാ സമയത്തും വിദ്യാര്‍ഥികള്‍ക്ക് ഉപയോഗിക്കാൻ സാധിക്കുന്ന താരത്തിലാക്കണം. ഇത്തരത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ മികവ് പുറത്തറിഞ്ഞാല്‍ വിദ്യാര്‍ഥികള്‍ ഇങ്ങോട്ടു വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിദേശ വിദ്യാര്‍ഥികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനായി രാജ്യാന്തര ഹോസ്റ്റല്‍ സമുച്ചയം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇവിടുത്തെ ഉന്നത വിദ്യാഭ്യാസരംഗത്തെ കൂടുതല്‍ മികവുറ്റതാക്കാനാണ് സര്‍ക്കാറിന്റെ ശ്രമം. അത് ലക്ഷ്യമിട്ടുള്ള മാറ്റങ്ങളാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നത്. അതിന്റെ ഫലം കണ്ടുതുടങ്ങിയതിന്റെ തെളിവാണ് കേരള യൂണിവേഴ്സിറ്റിയ്ക്ക് ലഭിച്ച എ++ ഉന്നത ഗ്രേഡെന്നും മുഖ്യമന്ത്രി പറഞ്ഞു.