എ കെ ആന്‍റണിയുടെ മകനെന്ന പേര് മാത്രം : അനില്‍ ആന്‍റണിയുടെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ബി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പി.സി. ജോർജ്

കോട്ടയം: പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർഥി അനില്‍ ആന്‍റണിയുടെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ബി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പി.സി. ജോർജ്.അനില്‍ ആന്‍റണിയെ പോലെ ആരുമായും ബന്ധമില്ലാത്ത ആളെ സ്ഥാനാർഥിയാക്കിയാല്‍ വിജയിക്കില്ലെന്ന് പി.സി. ജോർജ് പറഞ്ഞു. അനിലിന് നാടുമായി ബന്ധം ഇല്ലായിരുന്നത് തോല്‍വിക്ക് കാരണമായി. വോട്ട് പിടിക്കാൻ അനില്‍ വളരെയധികം ബുദ്ധിമുട്ടി. താൻ പലരോടും വ്യക്തിപരമായി ഫോണില്‍ വിളിച്ച്‌ അഭ്യർഥിച്ചാണ് ഇത്രയും വോട്ട് ഉണ്ടാക്കിയത്. ജയിക്കാവുന്ന സീറ്റ് നശിപ്പിച്ചു. കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണിയുടെ മകനെന്നേയുള്ളൂ. എ.കെ. ആന്‍റണി മകനെ തള്ളിപ്പറഞ്ഞതും പേരുദോഷമായി. പത്തനംതിട്ടയില്‍ മത്സരിച്ച്‌ അനില്‍ ഭാവി നശിപ്പിക്കരുതായിരുന്നുവെന്നും ജോർജ് ചൂണ്ടിക്കാട്ടി.

Advertisements

തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥിയെ നിശ്ചയിക്കുമ്ബോള്‍‍ വളരെയേറെ ചിന്തിക്കാനുണ്ട്. നാടുമായി ബന്ധമുള്ളതോ നാട്ടില്‍ അറിയപ്പെടുന്നതോ സംസ്ഥാനതലത്തില്‍ അറിയപ്പെടുന്നതോ ആയവരെയാണ് സ്ഥാനാർഥിയാക്കേണ്ടത്. എങ്കിലേ ഒരു നിലയും വിലയുമുണ്ടാകൂ. ജനങ്ങള്‍ക്ക് അത്തരക്കാരോട് ആഭിമുഖ്യമുണ്ടാകും. അല്ലെങ്കില്‍ സ്വന്തം പാർട്ടിക്ക് വോട്ട് ഉണ്ടാകണം. സി.പി.എമ്മിന് സ്വന്തം നിലയില്‍ വോട്ടുള്ളതിനാല്‍ ആരെ നിർത്തിയാലും എവിടെ നിന്നും ജയിക്കാനാകും. ബി.ജെ.പി പതുക്കെ വളരുന്ന പാർട്ടിയാണെന്നും പി.സി. ജോർജ് വ്യക്തമാക്കി.  ബി.ജെ.പിക്ക് നല്ല ഭാവിയുണ്ട്. ഇന്ത്യയുടെ രക്ഷ ബി.ജെ.പിയിലാണ്. കേന്ദ്രത്തില്‍ സീറ്റ് കുറഞ്ഞത് നന്നായെന്നും ഇനിയെങ്കിലും പാഠംപഠിച്ച്‌ മുന്നോട്ടു പോകാൻ കഴിയുമെന്നും പി.സി. ജോർജ് കൂട്ടിച്ചേർത്തു.

Hot Topics

Related Articles