ഓപ്പൺ ജിമ്മും, മെഡിറ്റേഷൻ സോണും, സ്കേറ്റിംഗ് ഏരിയയും; മേൽപ്പാലങ്ങളുടെ അടിവശം ഇനി അടിമുടി മാറും; പദ്ധതി ആദ്യം യാഥാർത്ഥ്യമാവുക കൊല്ലത്ത്

കൊല്ലം: സംസ്ഥാനത്തെ മേല്‍പ്പാലങ്ങളുടെ അടിവശം ജനസൗഹൃദ മാതൃകാ പൊതു ഇടങ്ങളായി മാറുന്നു. വിനോദ സഞ്ചാര വകുപ്പിന്‍റെ രൂപകല്‍പ്പനാ നയത്തിന്‍റെ ഭാഗമായ ആദ്യ പദ്ധതി കൊല്ലത്ത് യാഥാർത്ഥ്യമാകും. റെയില്‍വേ മേല്‍പ്പാലത്തിന്‍റെ സൗന്ദര്യവല്‍ക്കരണ പ്രവൃത്തി മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മേല്‍പ്പാലങ്ങളുടെ ഉപയോഗശൂന്യമായി കിടക്കുന്ന അടിവശം ആകർഷകമായ രീതിയില്‍ നവീകരിച്ച്‌ ജനസൗഹൃദമാക്കുകയാണ് വിനോദ സഞ്ചാര വകുപ്പിന്‍റെ രൂപകല്‍പ്പനാ നയത്തിന്‍റെ ലക്ഷ്യം. സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന പദ്ധതിയുടെ തുടക്കം കൊല്ലം റെയില്‍വേ മേല്‍പ്പാലത്തിലാണ്. മേല്‍പ്പാലത്തിന്‍റെ അടിയിലുള്ള പൊതുമരാമത്ത് വകുപ്പിന്‍റെ 70 സെന്‍റ് ഭൂമിയില്‍ രണ്ടു കോടി രൂപ ചെലവഴിച്ചാണ്‌ പദ്ധതി.

Advertisements

“സമൂഹം ആഗ്രഹിക്കുന്ന ഒരു മാറ്റമാണിത്. ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളെ ഫലപ്രദമായി ഉപയോഗിക്കുകയാണ് ലക്ഷ്യം. ഒരു സ്ഥലത്ത് തുടങ്ങിയാലത് പടരും. അതോടെ ഒരു കള്‍ച്ചറായി വരും. അഞ്ചോ ആറോ വർഷം കൊണ്ട് നല്ലൊരു മാറ്റമുണ്ടാകും”- മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഓപ്പണ്‍ ജിം, നടപ്പാതകള്‍, യോഗ മെഡിറ്റേഷൻ സോണ്‍, സ്കേറ്റിങ് ഏരിയ, ബാഡ്മിന്‍റണ്‍ – ബാസ്കറ്റ്ബോള്‍ കോര്‍ട്ടുകള്‍, ലഘുഭക്ഷണ കിയോസ്കുകള്‍ തുടങ്ങിയവയാണ് സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. നടത്തിപ്പില്‍ നിന്നും ലഭിക്കുന്ന വരുമാനം പരിപാലനത്തിന് പ്രയോജനപ്പെടുത്തും.

Hot Topics

Related Articles