ദില്ലി: മൂന്നാം മോദി സർക്കാറിന്റെ ആദ്യ സമ്ബൂർണ ബജറ്റ് അവതരണത്തിന് പിന്നാലെ രൂപയുടെ മൂല്യത്തില്‍ സർവകാല ഇടിവ്. അമേരിക്കൻ ഡോളറിനെതിരായ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. ദീർഘകാല മൂലധന നിക്ഷേപങ്ങളില്‍ നിന്നുള്ള നേട്ടങ്ങള്‍ക്ക് ഏർപ്പെടുത്തിയിട്ടുള്ള നികുതി പത്ത് ശതമാനത്തില്‍ നിന്ന് 12.5 ശതമാനമാക്കി വർദ്ധിപ്പിച്ചത് ഉള്‍പ്പെടെയുള്ള ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കിടെ ഓഹരി വിപണിയില്‍ വൻ ഇടിവുണ്ടായിരുന്നു.
രൂപയുടെ മൂല്യം 83.69 വരെയാണ് ഇന്ന് താഴ്ന്നത്. ഇതുവരെയുള്ള ഏറ്റവും താഴ്ന്ന നിലവാരം 83.6775 ആയിരുന്നു. ബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് മുമ്പ് ഇന്ന് രാവിലെ 83.6275 ആയിരുന്നു നിരക്ക്. മൂലധന നേട്ടത്തിനുള്ള നികുതി ഉയർത്തിയതിന് പുറമെ ഓഹരികള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ ആസ്തികളിന്മേലുള്ള ഷോർട്ട് ടേം മൂലധന നേട്ട നികുതി 15 ശതമാനത്തില്‍ നിന്ന് 20 ശതമാനമാക്കി വർദ്ധിപ്പിച്ചിട്ടുണ്ട്. ഫ്യൂചർ ആന്റ് ഓപ്ഷൻ ഇടപാടുകള്‍ക്കുള്ള സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ചാർജുകള്‍ 0.02 ശതമാനവും 0.01 ശതമാനവും വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ സെൻസെക്സ് 900 പോയിന്റ് ഇടിഞ്ഞ്
79,515.64 എന്ന നിലവാരത്തിലെത്തിയിരുന്നു.