വഴിയോരക്കടയോട് ചേർന്ന് മൂത്രമൊഴിച്ചു; ചോദ്യം ചെയ്തതോടെ പച്ചക്കറി കച്ചവടക്കാരന് മർദനം; കോട്ടയം നഗരമധ്യത്തിൽ തിരുനക്കരയിൽ പച്ചക്കറി കച്ചവടക്കാരനെ ആക്രമിച്ച് അക്രമി സംഘം

കോട്ടയം: നഗരമധ്യത്തിലെ വഴിയോരക്കടയ്ക്ക് സമീപം മൂത്രം ഒഴിച്ചതിനെ ചോദ്യം ചെയ്തതോടെ കട ഉടമയ്ക്ക് അക്രമി സംഘത്തിന്റെ ക്രൂരമർദനം. തിരുനക്കര ബിഎസ്എൻഎൽ ഓഫിസിനു മുന്നിൽ പച്ചക്കറി നടത്തുന്ന മണിപ്പുഴ സ്വദേശി ബിപിനാണ് (35) ക്രൂര മർദനമേറ്റത്. സംഘർഷത്തിൽ പരിക്കേറ്റ മറ്റൊരാൾ കോട്ടയം തിരുനക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ കോട്ടയം നഗരമധ്യത്തിലെ ബിഎസ്എൻഎൽ ഓഫിസിനു മുന്നിലായിരുന്നു അക്രമ സംഭവങ്ങൾ. ബിഎസ്എൻഎൽ ഓഫിസിനു മുന്നിലെ റോഡരികിൽ പച്ചക്കറി കട നടത്തുന്ന ആളാണ് ബിപിൻ. ഇന്ന് പത്ത് മണിയോടെ കടയുടെ സമീപത്തെ റോഡിൽ നിന്ന് രണ്ട് യുവാക്കൾ മൂത്രമൊഴിക്കുകയായിരുന്നു. ഈ സമയം ബിപിൻ ഇവരോട് ഇവിടെ മൂത്രമൊഴിക്കരുതെന്ന് വിലക്കി. ഇതോടെ ഇവർ ബിപിനുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും സംഘർഷമുണ്ടാകുകയുമായിരുന്നു. മർദനമേറ്റ ബിപിനെ ഇവിടെയുണ്ടായിരുന്നവർ ചേർന്ന് ആദ്യം ജില്ലാ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. സംഘർഷത്തിൽ പരിക്കേറ്റ മറ്റൊരാളെ തിരുനക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

Hot Topics

Related Articles