കൊച്ചി: കേരളത്തിലെ ആദ്യ ഇന്‍റർനാഷണല്‍ റോബോട്ടിക്സ് റൗണ്ട് ടേബിള്‍ കോണ്‍ഫറൻസ് മറ്റന്നാള്‍. അന്താരാഷ്ട്ര തലത്തിലുള്‍പ്പെടെ ശ്രദ്ധേയമായിട്ടുള്ള നൂറിലധികം കമ്പനികള്‍ പങ്കെടുക്കുന്ന കോണ്‍ഫറൻസ് ഓഗസ്റ്റ് 23ന് കൊച്ചിയില്‍ വച്ചാണ് സംഘടിപ്പിക്കുന്നത്. റോബോട്ടിക്സ് സാങ്കേതിക വിദ്യയിലൂന്നിയ വ്യവസായങ്ങള്‍ മുൻഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് നാം പുതിയ വ്യവസായ നയം രൂപീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
അതുകൊണ്ട് തന്നെ ഈ മേഖലയില്‍ കടന്നുവരുന്ന സംരംഭങ്ങള്‍ക്ക് മികച്ച ഇൻസന്‍റീവുകളും സബ്സിഡികളും മറ്റ് സഹായങ്ങളും സർക്കാരിന്‍റെ ഭാഗത്തുനിന്ന് ലഭ്യമാകും. റോബോട്ടിക്സ് സാങ്കേതിക വിദ്യ പ്രോത്സാഹിപ്പിക്കുന്നതിനായി നൂതന റോബോട്ടിക് വാണിജ്യവല്‍ക്കരണ ഗവേഷണ കേന്ദ്രം, ഹ്യൂമണോയിഡ് റോബോട്ട് ഗവേഷണ കേന്ദ്രം എന്നിവ സ്ഥാപിക്കുന്നതിന് സർക്കാർ ലക്ഷ്യമിടുന്നുണ്ട്. ഇത് കൂടാതെ റോബോട്ടിക്സ്, ഓട്ടോമേഷൻ മേഖലയിലെ കഴിവും ട്രാക്ക് റെക്കോർഡും അടിസ്ഥാനമാക്കി തെരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റോബോട്ടിക്സ് ഇന്നൊവേഷൻ/ഇൻകുബേഷൻ സെന്‍ററുകള്‍ സ്ഥാപിക്കും. ഇന്ത്യയില്‍ നാലാം വ്യവസായ വിപ്ലവ മേഖലയിലെ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഏറ്റവും വളക്കൂറുള്ള മണ്ണാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.