കോട്ടയം: രോഗി ഐസിയുവിലാണ് കിടക്കുന്നതെങ്കിൽ ഫീസ് 500 രൂപ, ഇനി വെന്റിലേറ്ററിലേയ്ക്കു മാറ്റിയാൽ നിരക്ക് വീണ്ടും കൂടും.. 750…! കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളെ ഞെക്കിപ്പിഴിഞ്ഞ് പണം കണ്ടെത്താൻ ഒരുങ്ങുകയാണ് ആശുപത്രി വികസന സമിതി. ആശുപത്രിയുടെ ഈ നീക്കത്തിന് എതിരെ പ്രതിഷേധം ശക്തമായെങ്കിലും തിരുത്താൻ ആശുപത്രി മാനേജ്മെന്റ് ഇനിയും തയ്യാറായിട്ടില്ല. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി എത്തുന്ന സാധാരണക്കാരായ രോഗികൾക്ക് ചികിത്സ നിഷേധിക്കുന്ന, ഇവരെ വെല്ലുവിളിക്കുന്ന നടപടിയാണ് ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ജനുവരിയിൽ മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്ന ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ എംഎൽഎ കൂടിയായ മന്ത്രി വി.എൻ വാസവന്റെ അധ്യക്ഷതയിൽ ചേർന്ന ആശുപത്രി വികസന സമിതി യോഗത്തിലാണ് ഫീസ് വർദ്ധന സംബന്ധിച്ചുള്ള തീരുമാനം എടുത്തത്. ആശുപത്രിയുടെ വരുമാനം വർദ്ധിപ്പിക്കാനെന്ന പേരിലാണ് ഐസിയുവിലും വെന്റിലേറ്ററിലും കിടക്കുന്നവരുടെ കയ്യിൽ നിന്നും പണം പിടിച്ചു പറിക്കാൻ തീരുമാനിച്ചത്. തൃശൂർ, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ ഇത്തരത്തിൽ യാതൊരു ഫീസും ഏർപ്പെടുത്തിയിട്ടില്ല. ഇതിനിടെയാണ് ഇപ്പോൾ വിവാദമായ ഫീസ് വർദ്ധ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്നിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പണമില്ലെന്ന് ആരോപിച്ച് സാധാരണക്കാരായ രോഗികളിൽ നിന്നും ഫീസ് പിരിയ്ക്കുന്ന കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ഇതിനിടെ 42 ലക്ഷം രൂപയാണ് ഗേറ്റ് പണിയുന്നതിനു വേണ്ടി വകയിരുത്തിയിരിക്കുന്നത്. ഇതും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. കോട്ടയം ജില്ല മാത്രമല്ല ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ എറണാകുളം ജില്ലയുടെ ഒരു ഭാഗം എന്നിവിടങ്ങളിൽ നിന്നുള്ള രോഗികൾ കോട്ടയം മെഡിക്കൽ കോളേജിനെയാണ് ആശ്രയിക്കുന്നത്. ഇത് സാധാരണക്കാരായ ആളുകളെ വെല്ലുവിളിക്കുന്നതിനു തുല്യമാണ്.