സോഷ്യൽ മീഡിയ
ജാഗ്രതാ സ്പെഷ്യൽ
തിരുവനന്തപുരം: ഡിവൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീമിനെ, സി.പി.എം രാജ്യസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ ബാലരമയിലെ ലുട്ടാപ്പിയുടെ പേജ് ട്വിറ്ററിൽ ഷെയർ ചെയ്ത ഏഷ്യാനെറ്റ് അവതാരകൻ വിനു വി.ജോണിനെ എയറിൽകയറ്റി സോഷ്യൽ മീഡിയ. വിനു വി.ജോണിന്റെ പോസ്റ്റിനു മറുപടിയുമായി റഹീമിന്റെ ഭാര്യ അമൃതയും രംഗത്ത് എത്തിയതോടെ രംഗം കൊഴുത്തു. റഹിമിനെ പരിഹസിക്കാൻ വിനു പോസ്റ്റിട്ടതോടെ സോഷ്യൽ മീഡിയയിലെ സി.പി.എം സൈബർ സഖാകൾ വിനുവിനെ വളഞ്ഞിട്ട് ആക്രമിച്ചു. ഇതോടെ സോഷ്യൽ മീഡിയ ഭാഷയിൽ വിനു വി.ജോൺ എയറിലുമായി.
ഇന്നലെയാണ് ഡിവൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീമിനെ രാജ്യസഭയിലേയ്ക്കു അയക്കാൻ സി.പി.എം തീരുമാനിച്ചത്. വിജയ സാധ്യതയുള്ള സീറ്റിലേയ്ക്ക് റഹിമിനെ സി.പി.എം പരിഗണിക്കുകയായിരുന്നു. പ്രഖ്യാപനം വന്ന് നിമിഷങ്ങൾക്കകം തന്നെ വിനു വി.ജോണിന്റെ ട്വീറ്റ് വന്നു. – ബാലരമ പുതിയ ലക്കം വായിച്ചു – ഇതായിരുന്നു ലുട്ടാപ്പിയുടെ കഥ പ്രസിദ്ധീകരിച്ച ബാലരമയുടെ മുൻ പേജ് സഹിതമാണ് വിനു വി.ജോൺ ട്വിറ്ററിൽ പോസ്റ്റിട്ടത്. എതിരാളികൾ റഹിമിനെ പരിഹസിക്കുന്നതിനു വേണ്ടി വിളിക്കുന്ന പേരാണ് ലുട്ടാപ്പി എന്ന്. ഇത് അറിഞ്ഞു തന്നെയാണ് വിനു വി.ജോൺ റഹിമിന്റെ പേര് രാജ്യസഭയിലേയ്ക്കു പ്രഖ്യാപിച്ച അതേ നിമിഷം തന്നെ പോസ്റ്റിട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെ ട്വിറ്ററിൽ റഹിമിനു വേണ്ടി വിനുവിന്റെ അക്കൗണ്ടിലേയ്ക്ക്ു കൂട്ട ആക്രമണമായിരുന്നു. വിനുവിന് നേരെ അതിരൂക്ഷമായ പരിഹാസവും വിമർശനവും വരെ ഉണ്ടായി. ഇതിനിടെ മാധ്യമപ്രവർത്തകർ ഹർഷനും തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് എത്തി. –
അഞ്ചാറുമാസം ഒരുമിച്ച് മാധ്യമപ്രവർത്തനം നടത്തിയിട്ടുള്ള കഠിനാധ്വാനിയായ പ്രിയ സുഹൃത്ത് പാർലമെന്റിലേയ്ക്കു പോകുന്നു. സന്തോഷം..
അഞ്ചാറു കൊല്ലം ഒപ്പം പണിയെടുത്ത വേറൊരു മാധ്യമ ധുരന്ധരൻ ശൂന്യാകാശത്തേയ്ക്കു പോകുന്നു…
അത് മറ്റൊരു സന്തോഷം.. – ഇതായിരുന്നു ഹർഷന്റെ പോസ്റ്റ്.
ഇതിനു പിന്നാലെയാണ് റഹിമിന്റെ ഭാര്യയുടെ വൈറലായ പോസ്റ്റ് എത്തിയത്. – നിങ്ങൾ ഒരു ബാലരമ ഫാൻ ആണോ.. എങ്കിൽ ഉറപ്പായും നിങ്ങൾക്ക് ഈ ചിരിയുടെ അർത്ഥം മനസിലാകും. – റഹിമിനൊപ്പം ചിരിച്ചു നിൽക്കുന്ന ചിത്രം സഹിതം അമൃതയുടെ പോസ്റ്റ് ഇതായിരുന്നു. ഈ രണ്ടു പോസ്റ്റുകളുമായി സോഷ്യൽ മീഡിയ റഹിമിന്റെ രാജ്യസഭാ പ്രവേശനം ആഘോഷമാക്കിയിരിക്കുകയാണ്.