കാസർഗോഡ് :ഓട്ടോറിക്ഷ അപകടത്തിൽ വിദ്യാർത്ഥികൾക്ക് പരിക്കേറ്റതിന് പിന്നാലെ ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തു. പള്ളഞ്ചി സ്വദേശിയായ അനീഷ് (43) ആണ് മരിച്ചത്.ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. ബേത്തൂർപാറയിൽ നിന്ന് പള്ളഞ്ചിയിലേക്ക് പോയ ഓട്ടോറിക്ഷയുടെ പിന്നാലെ നിയന്ത്രണം വിട്ട കാർ ഇടിച്ചതോടെ അപകടമുണ്ടായി. റിക്ഷയിൽ സഞ്ചരിച്ചിരുന്ന ബേത്തൂർപാറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്.അപകടം നടന്ന ഉടൻതന്നെ പള്ളഞ്ചിയിലെത്തിയ അനീഷ് ആളൊഴിഞ്ഞ സ്ഥലത്ത് പോയി ആസിഡ് കുടിക്കുകയായിരുന്നു. നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം നടത്തി ആദ്യം കാസർകോട് സ്വകാര്യ ആശുപത്രിയിലും തുടർന്ന് മംഗലാപുരത്തേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ: വീണ. മക്കൾ: നീരജ്, ആരവ്. പരേതനായ കെ. ശേഖരൻ നായരുടെയും സി. കമലാക്ഷിയുടെയും മകനാണ് അനീഷ്.
അപകടത്തിൽ വിദ്യാർത്ഥികൾക്ക് പരിക്ക്; പിന്നാലെ ഓട്ടോ ഡ്രൈവർ ആസിഡ് കുടിച്ച് ജീവനൊടുക്കി


