തിരുവനന്തപുരം: വിവിധ തൊഴിലാളി സംഘടനകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്ക് തുടങ്ങി. ഇന്ന് അര്‍ദ്ധരാത്രി തുടങ്ങി, 29-ാം തീയതി വൈകിട്ട് ആറ് മണി വരെയാണ് പണിമുടക്ക്.
സംസ്ഥാനത്ത് ബസ് ഗതാഗതം സ്തംഭിക്കും. ബുധനാഴ്ചയോടെ മാത്രമേ സംസ്ഥാനത്ത് ബസ് ഗതാഗതം സാധാരണനിലയിലാകൂ. ഓട്ടോ, ടാക്‌സി സര്‍വീസുകളും പണിമുടക്കില്‍ പങ്കെടുക്കും.പാല്‍, പത്രം, ആശുപത്രികള്‍, എയര്‍പോര്‍ട്ട്, ഫയര്‍ ആന്റ് റെസ്‌ക്യൂ എന്നീ അവശ്യസര്‍വീസുകള്‍ പണിമുടക്കിലുണ്ടാകില്ല. ഹോട്ടലുകളും തുറക്കില്ല.
അതേസമയം, സ്വകാര്യവാഹനങ്ങള്‍ തടയില്ലെന്നാണ് സംഘടനകള്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ കെഎസ്ആര്‍ടിസി അടക്കമുള്ള സര്‍വീസുകളിലെ ജീവനക്കാരും സ്വകാര്യ ബസ് ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ബിഎംഎസ് ഒഴികെയുള്ള പത്തോളം കേന്ദ്രട്രേഡ് യൂണിയനുകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എല്‍ഐസി ഉള്‍പ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതിനെതിരെയാണ് പണിമുടക്കിലുയര്‍ത്തുന്ന പ്രധാന പ്രതിഷേധം. തൊഴിലാളികളുടെ അവകാശം നിഷേധിക്കുന്ന തൊഴില്‍ നിയമങ്ങള്‍ പിന്‍വലിക്കുക, അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷാ പദ്ധതി നടപ്പാക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം കൂട്ടുക, കൂടുതല്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് താങ്ങുവില ഉറപ്പാക്കുക, നിലവിലുള്ളവയ്ക്ക് താങ്ങുവില കൂട്ടുക, കര്‍ഷകസംഘടനകള്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് പുറത്തിറക്കിയ അവകാശപത്രിക അംഗീകരിക്കുക എന്നിവയാണ് സമരത്തിലെ പ്രധാന ആവശ്യങ്ങള്‍.