കോട്ടയം : പോലീസ് കോർട്ടേഴ്സിൽ പ്ലാസ്റ്റിക് ശേഖരിക്കാൻ എത്തിയ ഹരിത കർമ്മ സേന അംഗത്തെ എസ് ഐ പട്ടിയെ വിട്ട് കടിപ്പിച്ചതായി പരാതി. നഗരസഭ 19 ആം വാർഡ് ഹരിത കർമ്മ സേനാംഗം മായയെയാണ് നായയെ വിട്ട് കടിപ്പിച്ചത്. മുട്ടമ്പലം പോലീസ് കോർട്ടേഴ്സിൽ താമസിക്കുന്ന എ എസ് ഐ അലക്സ് ആണ് നായയെ വിട്ട് കളിപ്പിച്ചതെന്നാണ് മായയുടെ പരാതി. ഇന്ന് വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. ഹരിത കർമ്മ സേനയുടെ ജോലിയുടെ പ്ലാസ്റ്റിക് ശേഖരിക്കാൻ എത്തുമ്പോൾ പോലീസ് ഉദ്യോഗസ്ഥനും ഭാര്യയും സഹകരിക്കാതിരിക്കുന്നത് പതിവാണെന്ന് മായ പറയുന്നു. ഇന്ന് പതിവുപോലെ പ്ലാസ്റ്റിക് ശേഖരണത്തിനും , ക്യു ആർ കോഡ് സ്കാൻ ചെയ്യുന്നതിനും ആയാണ് മായ ഇവരുടെ വീട്ടിലെത്തിയത്. ഇവിടെ നായ ഉള്ളതിനാൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ ഭാര്യയെ വിളിച്ച ശേഷമാണ് മായ വീടിൻ്റെ പരിസരത്ത് പ്രവേശിക്കാറുള്ളത്. മാസ അവസാനം ആയതിനാൽ ക്യുആർ കോഡ് സ്കാൻ ചെയ്ത് റിപ്പോർട്ട് സമർപ്പിക്കാനാണ് താൻ പോലീസ് കോർട്ടേഴ്സിൽ എത്തിയതെന്ന് മായ പറയുന്നു.
എന്നാൽ , ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന അലക്സ് ഡാഷ് ഹണ്ട് ഇനത്തിൽപ്പെട്ട നായയെ അഴിച്ചുവിട്ട് കടിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. ബാഗ് ഉപയോഗിച്ച് നായയുടെ കടി തടയാൻ മായ പല തവണ ശ്രമിച്ചു എങ്കിലും സാധിച്ചില്ല. ഒടുവിൽ , നായ ഇവരുടെ കാലിൽ കടിക്കുകയായിരുന്നു. മായയെ കടിച്ചതിന് ശേഷം ഉദ്യോഗസ്ഥന്റെ മകൻ എത്തി നായയെ എടുത്ത് കൊണ്ട് പോയതായും ഇവർ പറയുന്നു. പരിക്കേറ്റ മായയെ ആശുപത്രിയിൽ എത്തിക്കാൻ പോലും പോലീസ് ഉദ്യോഗസ്ഥനും ഭാര്യയും തയ്യാറായില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. നായയുടെ കടിയേറ്റ ഇവരെ മകൻ എത്തിയാണ് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്ന് മായ ജാഗ്രത ന്യൂസ് ലൈവിനോട് പറഞ്ഞു.


