പദ്ധതിത്തുക വിനിയോഗം ; കോട്ടയം ജില്ലാപഞ്ചായത്ത് സംസ്ഥാനതലത്തിൽ രണ്ടാമത് : 92 ശതമാനവും ചിലവഴിച്ചു

കോട്ടയം: പദ്ധതിത്തുക വിനിയോഗത്തിൽ കോട്ടയം ജില്ലാ പഞ്ചായത്ത് സംസ്ഥാനതലത്തിൽ രണ്ടാമത്. അനുവദിച്ച തുകയുടെ 92.45 ശതമാനം ചെലവഴിച്ചാണ് ജില്ലാ പഞ്ചായത്തിന്റെ കുതിപ്പ്. 46.25 കോടി രൂപ അനുവദിച്ചതിൽ 42.76 കോടി രൂപ ചെലവഴിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മിയും വൈസ് പ്രസിഡന്റ് ടി.എസ്. ശരത്തും പറഞ്ഞു. 100 ശതമാനം തുക ചെലവഴിച്ച വയനാട് ജില്ലാ പഞ്ചായത്താണ് ഒന്നാംസ്ഥാനത്ത്. 90.88 ശതമാനം ചെലവഴിച്ച കണ്ണൂരാണ് മൂന്നാംസ്ഥാനത്ത്. കോട്ടയം ഇതാദ്യമായാണ് സംസ്ഥാനതലത്തിൽ രണ്ടാമതെത്തുന്നത്.

Advertisements

കഴിഞ്ഞ സാമ്പത്തിക വർഷം ജനോപകാരപ്രദമായ നിരവധി പദ്ധതികൾ നടപ്പാക്കാനായതായി പ്രസിഡന്റ് പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും ആരോഗ്യമേഖലയുടെ ശാക്തീകരണത്തിനുമായി ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകൾക്ക് 16 ആംബുലൻസുകൾ നൽകി. ഇതിനായി 2.19 കോടി രൂപ ചെലവഴിച്ചു. വൈക്കം താലൂക്ക് ആശുപത്രിയിൽ 1.40 കോടി രൂപ ചെലവിൽ മാമ്മോഗ്രാം മെഷീൻ സ്ഥാപിക്കാനായി. പാലാ ജനറൽ ആശുപത്രിയിൽ 1.05 കോടി രൂപ ചെലവിൽ കോബാൾട്ട് മെഷീൻ സ്ഥാപിച്ചു.
വീടില്ലാത്തവർക്ക് ഭവനമൊരുക്കുന്ന ലൈഫ് പദ്ധതിക്കായി 12.37 കോടി രൂപ വിഹിതമായി നൽകി. കാർഷികമേഖലയ്ക്ക് സഹായകമായി മൂന്നു കൊയ്ത്തുമെതി യന്ത്രങ്ങൾ വാങ്ങി. 1.10 കോടി രൂപ ചെലവഴിച്ച് 275 പട്ടികജാതി വിദ്യാർഥികൾക്ക് ലാപ്‌ടോപ്പ് നൽകി. 60 ലക്ഷം രൂപ ചെലവഴിച്ച് 58 ഭിന്നശേഷിക്കാർക്ക് മുച്ചക്രവാഹനം ലഭ്യമാക്കി. ജില്ലയിലെ മുഴുവൻ ഭിന്നശേഷിക്കാർക്കും സ്‌കോളർഷിപ്പായി 2.20 കോടി രൂപ നൽകി. ക്ഷീരകർഷകർക്ക് മിൽക്ക് ഇൻസെന്റീവായി 1.10 കോടിയും കാലിത്തീറ്റ സബ്‌സിഡിയായി 66 ലക്ഷവും ക്ഷീര സഹകരണ സംഘങ്ങൾക്ക് റിവോൾവിംഗ് ഫണ്ടായി 60 ലക്ഷവും നൽകാനായി. ഖാദി കൈത്തറി പ്രോത്സാഹനത്തിനായി 53.31 ലക്ഷം രൂപയും ബഡ്‌സ് സ്‌കൂളുകൾക്ക് 30 ലക്ഷവും സ്‌കൂളുകൾക്ക് ഫർണിച്ചറും മറ്റും വാങ്ങാൻ 1.50 കോടിയും സുഭിക്ഷ കേരളം പദ്ധതിയിലൂടെ നെൽകർഷകർക്ക് കൂലിച്ചെലവ് സബ്‌സിഡി വിഹിതമായി 18 ലക്ഷം രൂപയും ചെലവഴിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിന്നാക്ക വിഭാഗക്കാർക്കുള്ള എസ്.എസ്.കെ. പ്രത്യേക പദ്ധതിക്കായി 80 ലക്ഷവും എസ്.എസ്.കെ. ജനറൽ പദ്ധതിക്കായി 45 ലക്ഷവും പാലിയേറ്റീവ്-വയോജന പദ്ധതികൾക്കായി രണ്ടു കോടിയും അങ്കണവാടി പോഷകാഹാരപദ്ധതിക്കായി 1.55 കോടി രൂപയും ചെലവഴിച്ചു.
ജില്ലാ പഞ്ചായത്തംഗങ്ങളുടെയും ജീവനക്കാരുടെയും ത്രിതലപഞ്ചായത്തുകളുടെയും കൂട്ടായ പ്രവർത്തനമാണ് സംസ്ഥാനതലത്തിൽ രണ്ടാംസ്ഥാനത്തെത്തുന്നതിന് കോട്ടയം ജില്ലാ പഞ്ചായത്തിന് സഹായകമായതെന്ന് പ്രസിഡന്റ് നിർമ്മല ജിമ്മി പറഞ്ഞു. 84 ശതമാനം തുക ചെലവഴിച്ചെങ്കിലും കഴിഞ്ഞസാമ്പത്തിക വർഷം കോട്ടയം 14-ാം സ്ഥാനത്തായിരുന്നു.

Hot Topics

Related Articles