തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പോത്തൻകോട് ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ ട്രാൻസ് വുമൺ അമേയ പ്രസാദിന് വനിതാ സംവരണ സീറ്റിൽ മൽസരിക്കാമെന്ന് സ്ഥിരീകരണം. രേഖകൾ പ്രകാരം വനിതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അമേയയുടെ നാമനിർദേശ പത്രിക അംഗീകരിച്ചത്. ട്രാൻസ് വുമണായ അമേയയുടെ വോട്ടർപട്ടികയിൽ ട്രാൻസ്ജെൻ്റർ എന്ന് രേഖപ്പെടുത്തിയതാണ് ആശങ്കയുണ്ടാക്കിയത്.
ഇതിനെതിരെ അമേയ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വരണാധികാരിക്ക് തീരുമാനമെടുക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. നിലവിൽ സൂക്ഷ്മപരിശോധന പൂർത്തിയായി. അമേയയ്ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നും വരണാധികാരി വ്യക്തമാക്കി. നേരത്തെ തന്നെ, അമേയ പോത്തൻകോട് ഡിവിഷനിൽ പ്രചാരണം തുടങ്ങിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാര്‍ ഡിവിഷനിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ട്രാൻസ്‍ വുമണ്‍ അരുണിമ എം കുറുപ്പിന്‍റെ സ്ഥാനാര്‍ത്ഥിത്വവും അംഗീകരിച്ചു. സൂക്ഷ്മപരിശോധനയിൽ അരുണിമയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്. ഇതോടെ അരുണിമയ്ക്ക് മത്സരിക്കാം. വോട്ടർ ഐഡി ഉൾപ്പടെയുള്ള അരുണിമയുടെ രേഖകളിൽ സ്ത്രീ എന്നാണ് രേഖപ്പെടുത്തിയത്. അതുകൊണ്ട് സ്ത്രീ സംവരണ സീറ്റിൽ മത്സരിക്കുന്നതിന് തടസമില്ല. ഇതിനെ ആരും എതിർത്തില്ല. ഇതോടെയാണ് സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രിക നൽകിയ അരുണിമയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പല തരത്തിലുളള പ്രചാരണങ്ങൾ പുറത്തുവന്നിരുന്നു.
ആരോപണങ്ങള്‍ക്ക് അരുണിമയുടെ മറുപടി
‘ചില ആളുകളും മാധ്യമങ്ങളും ട്രാൻസ്ജെൻ്റേർസിന് സ്ത്രീ സംവരണ സീറ്റിൽ മത്സരിക്കാനാകില്ലെന്ന് പറയുന്നു. എന്നാൽ എന്റെ എല്ലാ രേഖകളിലും താൻ സ്ത്രീയാണ്. വോട്ടർ പട്ടികയിലും ആധാറിലും തെരഞ്ഞെടുപ്പ് ഐഡിയിലുമടക്കം സ്ത്രീ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസ് ജയിക്കാത്ത സീറ്റല്ല വയലാർ.
താൻ സ്ഥാനാർത്ഥിയായതോടെ ജയസാധ്യത യുഡിഎഫിനാണ്. അതിനാലാണ് ഈ ആരോപണം ഉന്നയിക്കുന്നത്. എന്നാൽ വസ്തുത വേണ്ടേ. 19 വയസ്സിൽ സർജറി കഴിഞ്ഞതാണ്. നിയമപരമായി ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നാണ് കരുതുന്നത്. ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളെ കുറിച്ച് അവബോധമില്ലാത്തവരാണ് കുപ്രചാരണം നടത്തുന്നത്. ജീവിക്കാൻ അനുവദിക്കണം. വളരെ വലിയ പോരാട്ടത്തിലൂടെയാണ് ഇവിടെ വരെ എത്തിയത്. ഇങ്ങനെ വീണ്ടും പ്രചാരണങ്ങൾ വരുമ്പോൾ എങ്ങിനെ നേരിടണമെന്ന് അറിയില്ല,’ – അരുണിമ പറഞ്ഞു.


